Kerala

കൂടത്തായി കൂട്ടക്കൊലയില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും; ഷാജുവും കുടുങ്ങിയേക്കും

പ്രധാന പ്രതി ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവും കുടുങ്ങിയേക്കും. നിലവില്‍ കൊലപാതക പരമ്പരയില്‍ മൂന്നാമതായി കൊലപ്പെട്ട റോയിയെ വിഷം കൊടുത്തു കൊന്ന കേസിലാണ് ജോളി, സുഹൃത്ത് മാത്യു, സ്വര്‍ണപണിക്കാരന്‍ പ്രജുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കൂടത്തായി കൂട്ടക്കൊലയില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും; ഷാജുവും കുടുങ്ങിയേക്കും
X

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് പൊലിസ് ഒരുങ്ങുന്നതായി സൂചന. പ്രധാന പ്രതി ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവും കുടുങ്ങിയേക്കും. നിലവില്‍ കൊലപാതക പരമ്പരയില്‍ മൂന്നാമതായി കൊലപ്പെട്ട റോയിയെ വിഷം കൊടുത്തു കൊന്ന കേസിലാണ് ജോളി, സുഹൃത്ത് മാത്യു, സ്വര്‍ണപണിക്കാരന്‍ പ്രജുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നാല്‍, വ്യാജവില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ടും കൂടാതെ സിലിയുടേയും മകള്‍ ആല്‍ഫിനേയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടും പൊലിസ് സജീവമായി അന്വേഷണം നടത്തുകയാണ്. ഈ കേസുകളില്‍ പല തെളിവുകളും ഇതിനോടകം പൊലിസിന് ലഭിച്ചതായാണ് സൂചന. സിലിയുടേയും മകളുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ചില അറസ്റ്റുകള്‍ ഇന്നോ നാളെയോ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

സിലിയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകമാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയതായാണ് അറിയുന്നത്. ഇക്കാര്യം താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചിരുന്നത്. അവര്‍ മരിക്കേണ്ടവര്‍ തന്നെയാണ് എന്നായിരുന്നു ഷാജുവിന്റെ മറുപടിയെന്നും ജോളി അറിയിച്ചിട്ടുണ്ട്. ഇത് ആരും അറിയരുതെന്ന് ഷാജും തന്നോട് പറഞ്ഞിരുന്നതായും ജോളി പോലിസിനെ അറിയിച്ചതായാണ് സൂചന.

സിലിയുടേയും മകളുടേയും മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഷാജുവിന് നേരത്തെ അറിയാമായിരുന്നോ എന്ന സംശയം നേരത്തേ തന്നെ പൊലിസ് പ്രകടിപ്പിക്കുന്നുണ്ട്. ഇയാളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിക്കുമെന്നാണ് വിവരം. കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്റെ വീട് കര്‍ശന പൊലിസ് നിരീക്ഷണത്തിലാണ്. ജോളിയെ അറസ്റ്റ് ചെയ്തിട്ടും പൊലിസ് സംഘം ഇവിടെ നിന്നും പിന്മാറിയിട്ടില്ല. പ്രദേശത്ത് പൊലിസിന്റെ സജീവസാന്നിധ്യമുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ആറ് കൊലപാതകങ്ങളും വ്യാജവില്‍പത്രം തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായ എല്ലാ കേസുകളും വെവേറെ യൂണിറ്റുകളായി തിരിഞ്ഞാണ് പൊലിസ് സംഘം അന്വേഷിക്കുന്നത്. ആറ് കൊലപാതകങ്ങളിലും ജോളിക്ക് പങ്കുണ്ടെങ്കിലും റോയിയുടെ കൊലയില്‍ മാത്രമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്്തിട്ടുള്ളത്. മറ്റുള്ള കേസുകളുടെ ചുരുളഴിക്കാനുള്ള നടപടികളിലേക്കാണ് പോലിസ് ഇനി കടക്കുന്നത്. റോയ് തോമസിന്റെ മാതൃസഹോദരന്‍ എം എം മാത്യുവിന്റെ മരണം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ പൊലിസ് ഇതുവരെ തയ്യാറായിട്ടില്ല.

നിലവില്‍ പതിനൊന്നോളം പേര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലിസ് നിരീക്ഷണത്തിലുണ്ട് അഞ്ച് പേരെ കൊല്ലാനുള്ള സയനൈഡ്് ജോളിക്ക് എത്തിച്ചു കൊടുത്തത് ആരാണ്, വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ആരുടെയൊക്കെ സഹായം ജോളിക്ക് കിട്ടി എന്നീ കാര്യങ്ങളെല്ലാം പൊലിസ് പരിശോധിച്ചു വരികയാണ്.

Next Story

RELATED STORIES

Share it