Kerala

പോലിസ് മര്‍ദിച്ചു, നിര്‍ബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ചുവെന്ന് താഹ; വീഡിയോ പുറത്ത്

പോലിസ് കാമറയില്ലാത്ത സ്ഥലത്തുകൊണ്ടുപോയി തന്റെ മുഖത്തും വയറിനും ഇടിക്കുകയും കഞ്ചാവുകേസില്‍ കുടുക്കുമെന്ന് പറഞ്ഞതായും പോലിസ് ജീപ്പില്‍വച്ച് താഹ സഹോദരനോട് പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

പോലിസ് മര്‍ദിച്ചു, നിര്‍ബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ചുവെന്ന് താഹ; വീഡിയോ പുറത്ത്
X

കോഴിക്കോട്: പോലിസ് നിര്‍ബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ച് വീഡിയോയില്‍ ചിത്രീകരിച്ചുവെന്ന് മാവോവാദി ബന്ധമാരോപിച്ച് പോലിസ് അറസ്റ്റുചെയ്ത താഹ ഫസലിന്റെ വെളിപ്പെടുത്തല്‍. പോലിസ് ജീപ്പില്‍വച്ച് താഹ സഹോദരനോട് ഇക്കാര്യം വിശദീകരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലിസ് താഹയെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്തുകൊണ്ടുപോകവെ സഹോദരന്‍ വീയിഡോ രഹസ്യമായി ചിത്രീകരിക്കുകയായിരുന്നു. പോലിസ് കാമറയില്ലാത്ത സ്ഥലത്തുകൊണ്ടുപോയി തന്റെ മുഖത്തും വയറിനും ഇടിക്കുകയും കഞ്ചാവുകേസില്‍ കുടുക്കുമെന്ന് പറഞ്ഞതായും പോലിസ് ജീപ്പില്‍വച്ച് താഹ സഹോദരനോട് പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

പോലിസ് മകനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ചതാണെന്ന ആരോപണം മാതാവ് ജമീല വീണ്ടും ആവര്‍ത്തിച്ചു. പോലിസ് നിര്‍ബന്ധിച്ച് തന്നെ മുദ്രാവാക്യം വിളിപ്പിച്ചതാണെന്ന് താഹ പറഞ്ഞതായി മാതാവ് ജമീല കഴിഞ്ഞദിവസവും പറഞ്ഞിരുന്നു. അയല്‍വാസിയും ഇത് ശരിവച്ചിരുന്നു. മുദ്രാവാക്യം വിൡക്കുന്നത് പോലിസ് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. കഞ്ചാവുകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകനെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്.

വീട്ടില്‍ പോലിസ് റെയ്ഡ് നടത്തുന്നതിനിടെ താഹ മാവോവാദി അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടതിന് പിന്നാലെയാണ് താഹയുടെ വെളിപ്പെടുത്തലും മാതാവിന്റെ പ്രതികരണവുമുണ്ടായത്. വീട്ടില്‍നിന്ന് പോലിസിന് തെളിവൊന്നും ലഭിച്ചിട്ടില്ല. മുദ്രാവാക്യം വിളിക്കുന്നതുകേട്ട് തങ്ങള്‍ അവന്റെ മുറിയിലേക്ക് ചെന്നു. നീ എന്നെ പറ്റിച്ചല്ലോടാ എന്നു താന്‍ പറഞ്ഞപ്പോള്‍, ഉമ്മാ ഇവര്‍ എന്നെക്കൊണ്ട് വിളിപ്പിക്കുകയാണെന്നു താഹ പറഞ്ഞു. മകനെ കഞ്ചാവുകേസില്‍ കുടുക്കി അകത്താക്കുമെന്ന് പറഞ്ഞാണ് മുദ്രാവാക്യം വിളിപ്പിച്ചത്. ഉടന്‍ പോലിസുകാര്‍ ആരോക്കെയോ അവന്റെ വാ പൊത്തുകയും ചെയ്തു.

വീട്ടില്‍ താഹയ്ക്കായി പ്രത്യേക മുറിയില്ല. എല്ലാവരും ഉപയോഗിക്കുന്ന മുറിതന്നെയാണ് അവനും ഉപയോഗിക്കുന്നത്. താഹയുടെ കുറേ പുസ്തകങ്ങളാണ് പിടിച്ചെടുത്തത്. എന്നാല്‍, മുറിയില്‍നിന്നും എന്തൊക്കെയോ പോലിസ് എടുത്തുകൊണ്ടുപോയി. താഹയുടെ പിതാവിനെക്കൊണ്ടു കടലാസില്‍ ഒപ്പിടുവിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് പറഞ്ഞു. പോലിസ് നടത്തിയ റെയ്ഡില്‍ പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുക്കുന്നതിന്റെയും താഹ മാവോവാദി അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പോലിസ് പുറത്തുവിട്ടിരുന്നത്.

Next Story

RELATED STORIES

Share it