Kerala

കൊവിഡ് ധനസഹായം പ്രവാസി കുടുംബങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹരജി

കൊവിഡ് ധനസഹായം പ്രവാസി കുടുംബങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് ഹരജി നല്‍കിയത്. കൊവിഡില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് അതത് സംസ്ഥാനങ്ങളാണ് 50,000 രൂപ വീതം കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ടത്.

കൊവിഡിനെ തുടര്‍ന്ന് വിദേശത്ത് മരിച്ച കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ മുമ്പ് ഡല്‍ഹി ഹൈക്കോടതിയില്‍നിന്നും ഉത്തരവ് വാങ്ങിയിരുന്നു. കേരളത്തില്‍ ധനസഹായത്തിനായി നല്‍കിയ പ്രവാസി കുടുംബങ്ങളുടെ അപേക്ഷ വിദേശ രാജ്യത്ത് മരിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ലെന്ന കാരണത്താല്‍ നിരസിക്കപ്പെടുന്ന സാഹചര്യമുണ്ടായി.

കേരള മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് നടപടി ഉണ്ടാവാത്തതിനാലും പ്രവാസികളെ മാറ്റിനിര്‍ത്തുന്ന വിവേചനപരമായ നിലപാട് തുടരുന്ന ഘട്ടത്തിലുമാണ് പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയെ സമീപിച്ചത്. 17ന് കേസ് കോടതി പരിഗണിക്കും. വിഷയത്തില്‍ കോടതി ഇടപെടല്‍ വഴി പ്രവാസികള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it