Kerala

ആനപ്രേമികളുടെ പ്രിയങ്കരന്‍ 'പാറമേക്കാവ് രാജേന്ദ്രന്‍' ചരിഞ്ഞു

പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് രാജേന്ദ്രന്‍ ചെരിഞ്ഞത്. 50 വര്‍ഷക്കാലം തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് ദേവസ്വം രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.

ആനപ്രേമികളുടെ പ്രിയങ്കരന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു
X

തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തില്‍ ആദ്യമായി നടയ്ക്കിരുത്തിയ ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പന്‍ 'പാറമേക്കാവ് രാജേന്ദ്രന്‍' ചെരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് രാജേന്ദ്രന്‍ ചെരിഞ്ഞത്. 50 വര്‍ഷക്കാലം തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് ദേവസ്വം രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന വേണാട് പരമേശ്വരന്‍ നമ്പൂതിരി ഭക്തരില്‍നിന്നും 4,800 രൂപ പിരിച്ചാണ് രാജേന്ദ്രനെ വാങ്ങിയത്. അതിനാല്‍, 'ഭക്തരുടെ ആന' എന്നാണ് പാറമേക്കാവ് രാജേന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. 1955ല്‍ പാലക്കാട്ടുനിന്നാണ് രാജേന്ദ്രനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. അന്ന് 12 വയസ്സായിരുന്നു രാജേന്ദ്രന്. കുട്ടിയായിരിക്കുമ്പോഴാണ് പാറമേക്കാവിലെത്തിയത് എന്നതിനാല്‍ നാലമ്പലത്തിനുള്ളില്‍വച്ചാണ് നടയിരുത്തല്‍ ചടങ്ങുകള്‍ നടന്നത്.

നിലമ്പൂര്‍ കാടുകളാണ് ജന്‍മദേശം. 1967ലാണ് രാജേന്ദ്രന്‍ ആദ്യമായി തൃശൂര്‍ പൂരത്തിന് പങ്കെടുത്തത്. വെടിക്കെട്ടിനെ ഭയമില്ലാത്ത ആനകൂടിയാണ് രാജേന്ദ്രന്‍. അതുകൊണ്ടുതന്നെ തൃശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലില്‍ നിന്നിരുന്നതു രാജേന്ദ്രനാണ്. തൃശൂര്‍ നഗരത്തിലും പരിസരങ്ങളിലുമുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഉല്‍സവങ്ങളില്‍ രാജേന്ദ്രന്‍ തിടമ്പേറ്റിയിട്ടുണ്ട്. 1982 ല്‍ ഏഷ്യാഡില്‍ പങ്കെടുത്ത അപൂര്‍വം ചില ആനകളിലൊന്ന് എന്ന പ്രത്യേകതയും രാജേന്ദ്രനുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിനടുത്തായാണ് രാജേന്ദ്രന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്. ആനയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വരെ ക്ഷേത്രം തുറക്കില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it