Kerala

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോമിന് 'രണ്ടില' കിട്ടുമോയെന്ന് ഇന്നറിയാം

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കുന്നതിനെ ജോസഫ് വിഭാഗം നേതാവും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജോസഫ് കണ്ടത്തില്‍ എതിര്‍ക്കും.

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോമിന് രണ്ടില കിട്ടുമോയെന്ന് ഇന്നറിയാം
X

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പത്രികകള്‍ ഇന്ന് സൂക്ഷ്മ പരിശോധന നടത്തും. ചിഹ്നത്തിന്റെ കാര്യത്തിലുള്ള തര്‍ക്കത്തിലും ഇതോടെ തീരുമാനമാവും. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കുന്നതിനെ ജോസഫ് വിഭാഗം നേതാവും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജോസഫ് കണ്ടത്തില്‍ എതിര്‍ക്കും.

ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് ജോസഫ് പക്ഷങ്ങള്‍ക്ക് നിര്‍ണായകമാണ് സൂഷ്മ പരിശോധന. ചിഹ്നം ആവശ്യപ്പെട്ട് ജോസ് പക്ഷം നേതാവ് സ്റ്റീഫന്‍ ജോര്‍ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വര്‍ക്കിങ് ചെയര്‍മാനാണെന്ന് ജോസഫ് പക്ഷം ചൂണ്ടിക്കാണിക്കും. പി ജെ ജോസഫാണ് വര്‍ക്കിങ് ചെയര്‍മാന്‍.

ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പി ജെ ജോസഫ് നല്‍കിയ കത്തും വരണാധികാരിക്ക് മുന്‍പിലുണ്ട്. അതേസമയം, സ്റ്റിയറിങ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതെന്നാണ് ജോസ് പക്ഷം വരണാധികാരിയേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറേയും അറിയിച്ചിരിക്കുന്നത്.

സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ പ്രകാരം ചിഹ്നം ആവശ്യപ്പെട്ടുവെന്നാണ് ജോസ് പക്ഷം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കിയത്. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നില്ലെങ്കില്‍ ഉടനടി പത്രിക പിന്‍വലിക്കുമെന്ന് സ്വതന്ത്രന്‍ ജോസഫ് കണ്ടെത്തില്‍ പറഞ്ഞു. കമ്മീഷന്റെ മുന്‍പാകെുള്ള ചെയര്‍മാന്‍ തര്‍ക്കം കോടതിയിലെ കേസുകള്‍, പാര്‍ട്ടി ഭരണ ഘടന എന്നിവ പരിഗണിച്ചാകും വരണാധികാരിയുടെ തീരുമാനം എന്നാണ് വിവരം.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫിന് ജോസ് കെ. മാണി കത്തയച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇമെയിലില്‍ കത്തയച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവും തുടര്‍ന്ന് ചിഹ്നം അനുവദിക്കുന്നതും സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ ഒരു തന്ത്രം എന്ന നിലയിലാണ് കത്തയച്ചിരിക്കുന്നതെന്നാണ് സൂചന.

സൂക്ഷ്മപരിശോധനയുടെ സമയത്ത് ചിഹ്നം സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ആളുണ്ടാവണം എന്നതിനാലാണ് മറ്റൊരു സ്ഥാനാര്‍ഥിയെ കൂടി നിര്‍ത്തിയതെന്നാണ് പി ജെ ജോസഫിന്റെ വിശദീകരണം. കൃത്രിമ മാര്‍ഗത്തിലൂടെ ചിഹ്നം നേടാനുള്ള ശ്രമം തടയാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം പത്രിക പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it