Kerala

ഓപ്പറേഷന്‍ സാഗര്‍ റാണി: അഞ്ചുദിവസത്തിനുള്ളിൽ പിടികൂടിയത് 50,836 കിലോഗ്രാം മൽസ്യം

തമിഴ്‌നാട്ടില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്ന 26 ടണ്‍ കേടായ മൽസ്യവും പിടിച്ചിരുന്നു

ഓപ്പറേഷന്‍ സാഗര്‍ റാണി: അഞ്ചുദിവസത്തിനുള്ളിൽ പിടികൂടിയത് 50,836 കിലോഗ്രാം മൽസ്യം
X

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7754.5 കിലോഗ്രാം മൽസ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്താകെ 211 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 20 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ശനിയാഴ്ചയാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ആരംഭിച്ചത്. ശനിയാഴ്ച 2865 കിലോഗ്രാം മൽസ്യവും തിങ്കളാഴ്ച 15641 കിലോഗ്രാം മൽസ്യവും ചൊവ്വാഴ്ച 17,018 കിലോഗ്രാം മൽസ്യവും ബുധനാഴ്ച 7557.5 കിലോഗ്രാം മൽസ്യവും ഇന്ന് 7754.5 കിലോഗ്രാം മൽസ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 50,836 കിലോഗ്രാം മൽസ്യമാണ് പിടികൂടിയത്.

തിരുവനന്തപുരം 13, കൊല്ലം 8, പത്തനംതിട്ട 8, ആലപ്പുഴ 38, കോട്ടയം 24, ഇടുക്കി 4, എറണാകുളം 28, തൃശൂര്‍ 23, പാലക്കാട് 5, മലപ്പുറം 23, കോഴിക്കോട് 17, വയനാട് 5, കണ്ണൂര്‍ 8 കാസര്‍ഗോഡ് 6 എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്ന 26 ടണ്‍ കേടായ മൽസ്യവും പിടിച്ചിരുന്നു. ഇത്തരത്തില്‍ മൽസ്യം കൊണ്ടു വരുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.

ഭക്ഷ്യയോഗ്യമല്ലാത്ത മൽസ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006ലെ സെക്ഷന്‍ 50, 58, 59 അനുസരിച്ച് 5 ലക്ഷം രൂപ പിഴയും സെക്ഷന്‍ 59 പ്രകാരം ആറുമാസം വരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനല്‍ കുറ്റവുമാണ്.

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അതത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന മൽസ്യം കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നിയമാനുസൃതം അത് നശിപ്പിച്ചു കളയുന്നതിനും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it