Kerala

വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; നടന്‍ ജോജു ജോര്‍ജിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കും

വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; നടന്‍ ജോജു ജോര്‍ജിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കും
X

ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കും. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്റ് ആര്‍ടിഒയെ നിയോഗിക്കുമെന്ന് ഇടുക്കി ആര്‍ടിഒ അറിയിച്ചു. ജോജു ജോര്‍ജ് അപകടകരമായ രീതിയില്‍ ഓഫ് റോഡ് റൈഡില്‍ വാഹനം ഓടിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജോജുവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി. ഇതെത്തുടര്‍ന്നാണ് നടന് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.

സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ സംഘടിപ്പിച്ച പരിപാടി പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതില്‍ പങ്കെടുത്ത നടനും സംഘാടകര്‍ക്കുമെതിരേ കേസെടുക്കണമെന്നുമാണ് കെഎസ്‌യു പരാതിയില്‍ ആവശ്യപ്പെട്ടത്. വിഷയവുമായി ബന്ധപ്പെട്ട് കലക്ടര്‍, ജില്ലാ പോലിസ് മേധാവി, ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്നിവര്‍ക്കാണ് ടോണി തോമസ് പരാതി നല്‍കിയിരുന്നത്. ഇടുക്കിയില്‍ ഓഫ് റോഡ് റെയ്‌സുകള്‍ കലക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്. സംഭവം സംബന്ധിച്ച് ജോയിന്റ് ആര്‍ടിഒയുടെ റിപോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ടിഒ പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ക്കും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഓഫ് റോഡ് അസോസിയേഷന്‍ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. വാഗമണ്‍ എംഎംജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഇത്. പൊതുസ്ഥമാണോ അതോ സ്വകാര്യസ്ഥലത്താണോ എന്നത് സംബന്ധിച്ചും പരിശോധന നടത്തും. മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഇടുക്കി ആര്‍ടിഒ പറഞ്ഞു. അതേ സമയം, എല്ലാവിധ സുരക്ഷാ സംവിധനങ്ങളുമൊരുക്കിയിരുന്നുവെന്നും പരിചയസമ്പന്നരായ ആളുകളാണ് വാഹനമോടിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. സ്വകാര്യസ്ഥലമായതിനാല്‍ അനുമതി വാങ്ങേണ്ടതില്ലെന്നും ഇത്തരം സാഹസിക പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ പ്രത്യേക സംവിധാനമില്ലെന്നുമാണ് ഇവരുടെ പ്രതികരണം.

Next Story

RELATED STORIES

Share it