Kerala

ബസ് കൊള്ളയ്ക്കു പൂട്ട്; ബംഗളൂരുവിലേക്കു പുതിയ ട്രെയിന്‍

ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനാണു പ്രഖ്യാപിച്ചത്.

ബസ് കൊള്ളയ്ക്കു പൂട്ട്; ബംഗളൂരുവിലേക്കു പുതിയ ട്രെയിന്‍
X

കൊച്ചി: കേരളത്തില്‍നിന്നു ബംഗളൂരുവിലേക്കു പുതിയ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനാണു പ്രഖ്യാപിച്ചത്. കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8.40ന് കൃഷ്ണരാജപുരത്ത് എത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്.

കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, ബംഗാരപേട്ട്, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളിലാണ് ട്രെയിനിനു സ്‌റ്റോപ്പുള്ളത്. എട്ടു സ്ലീപ്പര്‍, രണ്ട് തേഡ് എസി, രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക.

താല്‍ക്കാലിക സര്‍വീസാണെങ്കിലും കൊച്ചുവേളിയില്‍നിന്നു ബാനസവാടിയിലേക്കുള്ള ഹംസഫര്‍ എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുളള സാധ്യതയും റെയില്‍വേ പരിശോധിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം ഹംസഫര്‍ എക്‌സപ്രസ് ഓടിക്കുന്നതിനോടു ദക്ഷിണ പശ്ചിമ റെയില്‍വേയ്ക്കും എതിര്‍പ്പില്ലെന്നാണു സൂചന.

കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്കു സര്‍വീസ് നടത്തുന്ന കല്ലട ബസ്സില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിക്കുന്നത്. യാത്രക്കാര്‍ കൂടുതലുള്ള ഞായറാഴ്ച ദിവസങ്ങളില്‍ ഏജന്‍സികള്‍ ഉയര്‍ന്ന നിരക്കിലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. ഞായറാഴ്ച ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ബസ്സുകളുടെ കൊള്ള ഒരു പരിധി വരെ തടയാന്‍ കഴിയുമെന്നു കരുതപ്പെടുന്നു.

Next Story

RELATED STORIES

Share it