Kerala

15 ദിവസങ്ങള്‍ക്കും ശേഷം കുഞ്ഞ് ഫസ്രിന്‍ അമ്മയുടെ കൈകളില്‍; കേരളത്തിന് നന്ദിപറഞ്ഞ് മാതാവ് സോഫിയ

ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഒരായുസ്സിന്റെ ആകുലതകളിലൂടെയാണ് സോഫിയ കടന്ന് പോയത്. ഏപ്രില്‍ 14 ന് വിഷുദിനത്തിലാണ് നാഗര്‍കോവിലിലെ ജയഹരണ്‍ ആശുപത്രിയില്‍ സോഫിയ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച ഉടനെ കുഞ്ഞിന്റെ ശരീരത്തില്‍ നീലനിറം വ്യാപിച്ചതിനെത്തുടര്‍ന്ന് ജയഹരണിലെ കാര്‍ഡിയോളജിസ്റ്റ് ഡോ വെങ്കിടേഷ് എറണാകുളം ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എഡ്വിന്‍ ഫ്രാന്‍സിസിനെ ബന്ധപ്പെട്ട് കുട്ടിയെ ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു

15 ദിവസങ്ങള്‍ക്കും ശേഷം കുഞ്ഞ് ഫസ്രിന്‍ അമ്മയുടെ കൈകളില്‍; കേരളത്തിന് നന്ദിപറഞ്ഞ് മാതാവ് സോഫിയ
X

കൊച്ചി: ജീവിതത്തിലൊരിക്കലും ആ നിമിഷം സോഫിയ നസ്രിയ ബാനു മറക്കില്ല. പിറന്ന് വീണ ഉടനെ കണ്‍മണി ഗുരുതരമായ രോഗബാധിതയാകുക, അനേകം കാതങ്ങള്‍ അകലെയുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ വിട്ടുകൊടുക്കേണ്ടിവരിക, പിടയ്ക്കുന്ന നെഞ്ചോടെ വീട്ടില്‍ കാത്തിരിക്കേണ്ടി വരിക, ഉള്ളില്‍ തിരതല്ലുന്ന മാതൃവാല്‍സല്യത്തിന്റെ നോവറിയുക, പതിനഞ്ചു ദിനങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യത്തോടെ കണ്‍മണിയെ കൈകളില്‍ ഏറ്റുവാങ്ങാനാവുക ഏത് അമ്മയ്ക്ക് മറക്കാനാകും ഇതൊക്കെ. തന്റെ കൈയ്യിലിരുന്ന് പാല്‍പുഞ്ചിരി പൊഴിക്കുന്ന കുഞ്ഞു മുഖം കാണുമ്പോള്‍ ഈ അമ്മ പക്ഷേ അതൊന്നും ഓര്‍മ്മിക്കുന്നേയില്ല.ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഒരായുസ്സിന്റെ ആകുലതകളിലൂടെയാണ് സോഫിയ കടന്ന് പോയത്. ഏപ്രില്‍ 14 ന് വിഷുദിനത്തിലാണ് നാഗര്‍കോവിലിലെ ജയഹരണ്‍ ആശുപത്രിയില്‍ സോഫിയ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.


ജനിച്ച ഉടനെ കുഞ്ഞിന്റെ ശരീരത്തില്‍ നീലനിറം വ്യാപിച്ചതിനെത്തുടര്‍ന്ന് ജയഹരണിലെ കാര്‍ഡിയോളജിസ്റ്റ് ഡോ വെങ്കിടേഷ് എറണാകുളം ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എഡ്വിന്‍ ഫ്രാന്‍സിസിനെ ബന്ധപ്പെട്ട് കുട്ടിയെ ലിസി ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ ലിസി ആശുപത്രി അധികൃതര്‍ യാത്രാസൗകര്യം ഒരുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പെട്ടെന്നുള്ള സംസ്ഥാനാന്തരയാത്ര സാധ്യമായത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ നാഗര്‍കോവിലില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയില്‍ എത്തിക്കുകയും പിറ്റേന്ന് രാവിലെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.ശുദ്ധരക്തവും, അശുദ്ധരക്തവും വഹിക്കുന്ന കുഴലുകള്‍ പരസ്പരം മാറിപ്പോകുന്ന 'ട്രാന്‍സ്പൊസിഷന്‍ ഓഫ് ഗ്രേറ്റ് ആര്‍ട്ടറീസ്' എന്ന സങ്കീര്‍ണമായ രോഗമായിരുന്നു കുഞ്ഞിന്. രണ്ട് ധമനികളും മുറിച്ചെടുത്ത് പരസ്പരം മാറ്റിവച്ചതിനൊപ്പം മഹാധമനിയില്‍ നിന്നും ആരംഭിക്കുന്ന ഒരു മില്ലിമീറ്റര്‍ മാത്രം വ്യാസമുള്ള രക്തധമനികളെ ഇടത്തെ അറയിലേക്ക് മാറ്റുകയും ചെയ്തു. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ ഏകദേശം ഏഴു മണിക്കൂറെടുത്തു.


കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ജി എസ് സുനിലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, ഡോ. ജസണ്‍ ഹെന്‍ട്രി, ഡോ. ഫിലിപ്പ് മാത്യു, ഡോ. അനു ജോസ്, ഡോ. ബിജേഷ് വി, ഡോ. ദിവ്യ ജേക്കബ് എന്നിവര്‍ ശസ്ത്രക്രിയയിലും, തുടര്‍ചികില്‍സയിലും പങ്കാളികളായി. സര്‍ക്കാര്‍ പ്രതിനിധിയായി എറണാകുളം ജില്ലാകലക്ടര്‍ എസ് സുഹാസ് കഴിഞ്ഞ ദിവസം കുഞ്ഞിനെ സന്ദര്‍ശിച്ചു ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞിരുന്നു.ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു ഹൃദ്യമായ യാത്രയയപ്പാണ് കുഞ്ഞിന് ഇന്ന് നല്‍കിയത്. എല്ലാവരുടെയും സാന്നിധ്യത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ മുഹമ്മദ് ഫൈസല്‍ 'ഫസ്രിന്‍ ഫാത്തിമ' എന്ന് കുഞ്ഞിന് പേരിടുകയും ചെയ്തു.

ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം എന്നിവരും കുഞ്ഞിനെ യാത്രയാക്കാന്‍ എത്തിയിരുന്നു. ശസ്ത്രക്രിയാ പൂര്‍ണ്ണ വിജയമായിരുന്നെന്നും, കുഞ്ഞിന് ഇനി മുതല്‍ സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമെന്നും ഡോ. ജി എസ് സുനില്‍ പറഞ്ഞു. തുടര്‍ന്ന്് പ്രത്യേക ആബുലന്‍സില്‍ കുഞ്ഞിനെ എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയിക്കാവിളയില്‍ എത്തിച്ചു. ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന അതിര്‍ത്തി കടക്കാതെ ഇവിടെ ആബുലന്‍സില്‍ എത്തിയ മാതാവ് സോഫിയ ലിസി ആശുപത്രിയിലെ നേഴ്സ് റീത്താഗീതുവിന്റെ കൈയില്‍ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങി.പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ ഫിസിഷ്യന്‍ അസിസ്റ്റന്റ് എബിന്‍ എബ്രഹാമും ആബുലന്‍സില്‍ കുഞ്ഞിനെ അനുയാത്ര ചെയ്തിരുന്നു.

Next Story

RELATED STORIES

Share it