Kerala

വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന ബോട്ട് നിര്‍മിച്ച് മലപ്പുറം സ്വദേശി

പ്ലൈവുഡില്‍ നിര്‍മിച്ച ശേഷം ഫ്രെയിംവര്‍ക്ക് സ്റ്റീല്‍ ഉപയോഗിച്ചാണ് പണിതീര്‍ത്തത്. കവറിങ്ങായി വാട്ടര്‍പ്രൂഫ് ഫൈബര്‍ ഉപയോഗിച്ചതിനാല്‍ പ്ലൈവുഡിന് നനവ് തട്ടുകയുമില്ല.

വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന ബോട്ട് നിര്‍മിച്ച് മലപ്പുറം സ്വദേശി
X

കൃഷ്ണന്‍ എരഞ്ഞിക്കല്‍

മലപ്പുറം: വെള്ളത്തിലും കരയിലും ഒരേസമയം ഉപയോഗിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് ബോട്ട് നിര്‍മിച്ച് മലപ്പുറം പട്ടര്‍കടവിലെ സി പി ഷംസുദ്ദീന്‍. പ്രളയസമയങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ രീതിയിലാണ് ബോട്ട് നിര്‍മാണം നടത്തിയിരിക്കുന്നത്. പ്രളയസമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമ്പോള്‍തന്നെ ബോട്ട് കരയിലേക്ക് പ്രവേശിപ്പിച്ച് ബൈക്കിലോ സ്‌കൂട്ടറിലോ കയര്‍ ബന്ധിച്ച് വലിച്ചുകൊണ്ടുപോവാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം. രോഗികളായവരെ എത്തിക്കാന്‍ ഇത്തരത്തില്‍ ആംബുലന്‍സ് സര്‍വീസായി ഉപയോഗിക്കാന്‍ കഴിയും. അതിനായി ബോട്ടിന്റെ ഇരുവശങ്ങളിലും നാല് ടയറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

പ്ലൈവുഡില്‍ നിര്‍മിച്ച ശേഷം ഫ്രെയിംവര്‍ക്ക് സ്റ്റീല്‍ ഉപയോഗിച്ചാണ് പണിതീര്‍ത്തത്. കവറിങ്ങായി വാട്ടര്‍പ്രൂഫ് ഫൈബര്‍ ഉപയോഗിച്ചതിനാല്‍ പ്ലൈവുഡിന് നനവ് തട്ടുകയുമില്ല. പ്ലൈവുഡ്- 10,000, സ്റ്റീല്‍- 13,000, വാട്ടര്‍പ്രൂഫ് ഫൈബര്‍- 10,000, നാല് ടയര്‍ ഉള്‍പ്പെടെ ആകെ 50,000 രൂപയാണ് ചെലവ്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കാവുന്ന ഡിസി മോട്ടോര്‍ ഉപയോഗിച്ച് 'പ്രൊപ്പല്ലര്‍' കറക്കി ഓടിക്കാവുന്ന എന്‍ജിന്‍ സ്വന്തമായി നിര്‍മിച്ച് ബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആക്‌സിലേറ്റര്‍ വഴി വേഗത നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു കൈകൊണ്ട് നിയന്ത്രിക്കാവുന്ന തരത്തിലാണ് നിര്‍മാണം.

മഴ നനയാതിരിക്കാന്‍ വാട്ടര്‍കോട്ട് ഉപയോഗിച്ച് മേല്‍ക്കൂരയും നിര്‍മിച്ചിട്ടുണ്ട്. പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഇത്തരമൊരു ബോട്ട് നിര്‍മിച്ചതെന്നും വ്യാവസായികാടിസ്ഥാനത്തില്‍ ചെലവ് കുറഞ്ഞ രീതിയില്‍ ബോട്ട് നിര്‍മിക്കാന്‍ കഴിയുമെന്നും ഷംസുദ്ദീന്‍ പറയുന്നു. ബോട്ട് നിര്‍മാണത്തില്‍ മക്കളുടെ സഹായം കൂടിയുണ്ടായതുകൊണ്ട് ഒരാഴ്ച കൊണ്ട് ബോട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ബോട്ട് നിര്‍മിച്ച സി പി ഷംസുദ്ദീനെ നാട്ടുകാര്‍ ആദരിക്കുമെന്ന് അദ്ദേഹത്തിന്റെ അയല്‍ക്കാരനും മനുഷ്യാവകാശപ്രവര്‍ത്തകനും കൂടിയായ അഡ്വ:സാദിഖ് നടുത്തൊടി പറഞ്ഞു.

Next Story

RELATED STORIES

Share it