Kerala

വാട്ടര്‍ അതോറിറ്റി ഗുണനിലവാര പരിശോധനാ ലാബുകള്‍ക്ക് ദേശീയ അംഗീകാരം

വാട്ടര്‍ അതോറിറ്റി ഗുണനിലവാര പരിശോധനാ ലാബുകള്‍ക്ക് ദേശീയ അംഗീകാരം
X

തിരുവനന്തപുരം: കേരളാ വാട്ടര്‍ അതോറിറ്റിയുടെ എറണാകുളം, കോഴിക്കോട് ജില്ലാ കുടിവെള്ള ഗുണനിലവാര പരിശോധനാ ലബോറട്ടറികള്‍ക്ക് ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ (NABL) ISO/IEC17025: 2017) അംഗീകാരം ലഭിച്ചു. 2017ല്‍ ഈ അംഗീകാരം ലഭിച്ച എറണാകുളത്തെ ക്വാളിറ്റി കണ്‍ട്രോള്‍ സ്‌റ്റേറ്റ് റഫറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു പുറമെ കോഴിക്കോട് ജില്ലയില്‍ മലാപ്പറമ്പിലും എറണാകുളം ജില്ലയില്‍ ആലുവയിലും പ്രവര്‍ത്തിക്കുന്ന ജില്ലാ ലാബുകളാണ് ഇപ്പോള്‍ അക്രഡിറ്റേഷന്‍ നേടിയത്. കൂടാതെ മറ്റ് ആറ് ജില്ല ലാബുകളുടെയും അക്രഡിറ്റേഷന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. നിലവില്‍ കേരളത്തില്‍ ദേശീയ അക്രഡിറ്റേഷനുള്ള ഒന്നിലധികം കുടിവെള്ള പരിശോധനാ ലബോറട്ടറികള്‍ വാട്ടര്‍ അതോറിറ്റിക്ക് മാത്രമാണുള്ളത്.

കുടിവെള്ള ഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 47 ലബോറട്ടറികള്‍ അടങ്ങുന്ന ഏറ്റവും വിപുലമായ ലബോറട്ടറി ശൃംഖലയാണ് വാട്ടര്‍ അതോറിറ്റിയുടേത്. ജലജീവന്‍ മിഷന്‍ പദ്ധതി വഴി ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതിനോടൊപ്പം ഗുണനിലവാര പരിപാലനത്തിന് നിലവിലെ ലാബുകള്‍ ആധുനികീകരിക്കുവാനും കൂടുതല്‍ ലാബുകള്‍ സ്ഥാപിച്ചു ദേശീയ അംഗീകാരം നേടുവാനുമുള്ള വിപുലമായ പദ്ധതിയാണ് വാട്ടര്‍ അതോറിറ്റി നടപ്പാക്കിവരുന്നതെന്ന് സ്‌റ്റേറ്റ് റഫറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ അറിയിച്ചു. അളവിലും ഗുണത്തിലും ഒരുപോലെ മേന്മ ഉറപ്പാക്കാനാണ് വാട്ടര്‍ അതോറിറ്റി ജല ജീവന്‍ മിഷന്‍ വഴി ലക്ഷ്യമിടുന്നത്.

ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന വിധത്തില്‍ സംസ്ഥാനത്തെ ഹോട്ടല്‍, കൂള്‍ബാര്‍, ഓഡിറ്റോറിയങ്ങള്‍, സോഡാഫാക്ടറികള്‍ തുടങ്ങിയ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ എല്ലാ കുടിവെള്ള പരിശോധനകളും നിശ്ചിതമായ ഫീസ് അടച്ചുചെയ്യാനും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കാനും ലാബുകളില്‍ സൗകര്യമുണ്ട്. കൂടാതെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈ സൗകര്യം നല്‍കുന്നുമുണ്ട്. പ്ലാസ്റ്റിക് ക്യാനില്‍ 2 ലിറ്ററും അണുവിമുക്ത ബോട്ടിലില്‍ (100 എംഎല്‍ കൊള്ളുന്നവ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യം) 100 എംഎല്‍ വെള്ളവുമാണ് പരിശോധിക്കാന്‍ എത്തിക്കേണ്ടത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10:15 മുതല്‍ 3 മണിവരെ വാട്ടര്‍ സാംപിളുകള്‍ ബന്ധപ്പെട്ട ലാബുകളില്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ (www.kwa.kerala.gov.in) ലഭ്യമാണ്.

Next Story

RELATED STORIES

Share it