Top

മുട്ടില്‍ മരം മുറി സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത്; മുറിച്ചുകടത്തിയത് 10 കോടിയുടെ 101 മരങ്ങള്‍: മന്ത്രി എ കെ ശശീന്ദ്രന്‍

മുട്ടില്‍ മരം മുറി സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത്; മുറിച്ചുകടത്തിയത് 10 കോടിയുടെ 101 മരങ്ങള്‍: മന്ത്രി എ കെ ശശീന്ദ്രന്‍
X

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ അനധികൃതമായി മരം മുറിച്ചുകടത്തിയ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മുട്ടില്‍ മരംമുറി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്വേഷണ റിപോര്‍ട്ട് ലഭിച്ചാല്‍ മറ്റ് സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണമുണ്ടാവും. കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരേ ധാരാളം പരാതിയുണ്ട്.

റവന്യൂ വകുപ്പില്‍നിന്നുള്ള 11-03-2020ലെ പരിപത്രവും 24-10-2020ലെ സര്‍ക്കാര്‍ ഉത്തരവും ദുര്‍വ്യാഖ്യാനം ചെയ്താണ് മരംമുറി നടന്നത്. ഇവ 2.2.2021ല്‍ റവന്യൂ വകുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ റവന്യൂ ഭൂമിയില്‍നിന്ന് മുറിക്കാന്‍ പാടില്ലാത്ത സര്‍ക്കാരിലേക്ക് നിക്ഷിപ്തമായ മരങ്ങളാണ് മുറിച്ചത്. ഇവയൊന്നും വനഭൂമിയില്‍പ്പെട്ടതല്ല. വിശദമായ അന്വേഷണത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 101 മരങ്ങളാണ് മുറിച്ചതായി കണ്ടെത്തി.

കോഴിക്കോട്ടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു. മുട്ടില്‍ മരംമുറി നടന്നത് തന്റെ കാലത്തല്ല. തിരഞ്ഞെടുപ്പ് കാലത്താണ് മരംമുറി നടന്നത്. താന്‍ മന്ത്രിയായി അധികാരമേറ്റത് മെയ് 20 നാണ്. ഇതിനുശേഷം സംഭവം ശ്രദ്ധയില്‍വരികയും നടപടി സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ ചുമതലയുണ്ടായിരുന്ന ടി എന്‍ സാജന്‍ കേസ് വഴി തിരിച്ചുവിടുന്നു എന്ന പരാതി കിട്ടി. വനം വകുപ്പില്‍നിന്നും മറ്റു പല സംഘടനകളും പരാതി നല്‍കി. വനനശീകരണ പ്രവര്‍ത്തനത്തില്‍ ഒരാളെയും സംരക്ഷിക്കാനോ അവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാനോ ഈ സര്‍ക്കാര്‍ ശ്രമിക്കില്ല.

ഏകദേശം പത്തുകോടിയോളം വിലവരുന്ന 202.180 ക്യൂബിക് മീറ്റര്‍ അടിയാണ് വെട്ടിമാറ്റിയതായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇതെത്തുടര്‍ന്ന് 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുറിക്കപ്പെട്ട തടികള്‍ കടത്തിക്കൊണ്ടുപോവുന്നതിന് 14 അപേക്ഷകള്‍ മേപ്പാടി റേഞ്ച് ഓഫിസില്‍ ലഭിച്ചു. മുട്ടില്‍ സൗത്ത് വില്ലേജിലെ വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ അനുമതി നിഷേധിക്കപ്പെട്ട തടികള്‍ 3.2.2020ന് ഇവര്‍ പെരുമ്പാവൂരിലേക്ക് കടത്തിയതായി കണ്ടെത്തി.

രഹസ്യവിവരത്തെത്തുടര്‍ന്ന് 8.2.21 മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസറും സംഘവും പെരുമ്പാവൂരില്‍ ചെന്ന് തടികള്‍ മുഴുവന്‍ പിടിച്ചെടുക്കുകയുണ്ടായി. ഇത്തരത്തില്‍ തക്കസമയത്ത് നടപടി എടുത്തതിനാല്‍ കോടികള്‍ വിലമതിക്കുന്ന തടികള്‍ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. 1961ലെ കേരള വനനിയമപ്രകാരം തടി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെ പതിച്ചുനല്‍കിയ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരെയുള്ള 95ലെ ചട്ടങ്ങള്‍ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഗുരുതരമായ ആരോപണങ്ങളാണ് നിയമസഭയില്‍ ഉന്നയിച്ചത്. ലക്ഷക്കണത്തിന് രൂപയുടെ വനം കൊള്ളയാണ് നടന്നതെന്നും പ്രതികള്‍ക്ക് ഉന്നതബന്ധമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. വയനാട്ടില്‍നിന്നും പെരുമ്പാവൂര്‍വരെ മരം മുറിച്ചുകൊണ്ടുവന്നെങ്കില്‍ ഉന്നതരുടെ ഒത്താശയോടെയാണെന്നു പ്രതിപക്ഷം ആരോപിച്ചു. മരംമുറിക്കേസ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ ചന്ദനമൊഴികെയുള്ള മരം മുറിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24 ഉത്തരവിന് ഇറക്കിയത് വനംകൊള്ളക്കാരെ സഹായിക്കാനാണ്.

മുട്ടില്‍നിന്നും മുറിച്ച കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ പ്രതികളുടെ പെരുമ്പാവൂരിലെ മില്ലില്‍ എത്തിക്കുംവരെ സര്‍ക്കാര്‍ നോക്കിനിന്നു. വനം മന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നോ ? പ്രതികള്‍ വനംമന്ത്രിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നോ ? പ്രമുഖ മാധ്യമ സ്ഥാപനത്തിലെ പ്രമുഖന്‍ ഇടനിലക്കാരനായി നിന്നിട്ടുണ്ടോ ? തുടങ്ങിയ ചോദ്യങ്ങളും പി ടി തോമസ് ഉന്നയിച്ചു. സഭ നിര്‍ടത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Next Story

RELATED STORIES

Share it