Kerala

ആദിവാസി ഊരുകളെ തടവറകളാക്കാനുള്ള നീക്കം: പുരോ​ഗമന യുവജന പ്രസ്ഥാനം

ആദിവാസികളുടെ "തന്ത" ചമയൽ സർക്കാർ അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വളരെ ബാലിശമായ സർക്കുലറുകൾ ആദിവാസികൾക്ക് അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ ശേഷിയില്ലാത്തവരാണ് എന്ന വംശീയ മുൻവിധിയിൽ നിന്നുണ്ടാവുന്നതാണ്.

ആദിവാസി ഊരുകളെ തടവറകളാക്കാനുള്ള നീക്കം: പുരോ​ഗമന യുവജന പ്രസ്ഥാനം
X

കോഴിക്കോട്: സംസ്ഥാനത്തെ ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം തടഞ്ഞു കൊണ്ടുള്ള സംസ്ഥാന സർക്കാർ സർക്കുലർ ആദിവാസി ഊരുകളെ തടവറകളാക്കാനുള്ള നീക്കമെന്ന് പുരോ​ഗമന യുവജന പ്രസ്ഥാനം. ഭരണകൂടങ്ങൾ കാലാകാലങ്ങളായി ആദിവാസി ജനതയോട് കാണിക്കുന്ന വംശീയ അതിക്രമങ്ങൾ പൊതു സമൂഹത്തിൽ നിന്നും മറച്ചു വെക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു സർക്കുലറെന്ന് പിവൈഎം പ്രസ്താവനയിലൂടെ പറഞ്ഞു.

ആദിവാസി ഊരുകളിലേക്കുള്ള സന്ദർശനാനുമതിക്കായി ഐടിഡിപി ഓഫീസർക്ക് 14 ദിവസം മുന്നേ അപേക്ഷ സമർപ്പിക്കണമെന്നാണ് പട്ടിക വർഗ ഡയറക്ടറേറ്റിൽ നിന്നുള്ള സർക്കുലറിൽ പറയുന്നത്. ഇത് വംശഹത്യയുടെ വക്കിൽ എത്തി നിൽക്കുന്ന ഒരു ജനതയോട് ഭരണകൂടത്തിന് തോന്നും വിധം പെരുമാറാനുള്ള ലൈസൻസിനു വേണ്ടിയുള്ളതാണ്. പൊതു സമൂഹവും ആദിവാസികളും തമ്മിലുള്ള എല്ലാ ജൈവിക ബന്ധങ്ങളേയും ഈ സർക്കുലറിന്റെ വരവോടെ വേരറുക്കപ്പെടും. പുറത്തു നിന്നാരെയും കയറ്റി വിടാത്ത സർക്കാർ നിയന്ത്രിത തടവറകളായി ആദിവാസി ഊരുകൾ അധപതിക്കുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക.

പരസ്പരം പങ്ക് വെച്ചു ജീവിക്കുന്ന കാർഷിക ജനത എന്ന നിലയിലുള്ള ആദിവാസികളുടെ അസ്തിത്വത്തെ തന്നെ പുതിയ സർക്കുലർ റദ്ദാക്കപ്പെടും. അതോടൊപ്പം ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള മർദ്ദിത ജനതയുടെ സമര ഐക്യത്തെ തകർക്കാനുള്ള കപട ഇടത് സർക്കാരിന്റെ നെറികെട്ട നയവും ഇതിൽ വെളിവാകപ്പെടുന്നുണ്ട്. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയും പദ്ധതികളും അട്ടിമറിക്കുകയും ടൂറിസ്റ്റ് -റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് സഹായം ചെയ്യലും ഈ സർക്കുലറിലൂടെ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിൽ മുന്നോട്ട് വെച്ച നവ കേരള വികസന രേഖയിലെ ടൂറിസം പദ്ധതികളിലെ വിദേശ നിക്ഷേപവും ബയോടെക്‌നോളജി മേഖലയിലെ ഗവേഷണവും ഇതിനെ കൂടുതൽ സാധൂകരിക്കുന്നു.

കേരളത്തിലെ ആദിവാസി ഭൂസമരങ്ങൾ ബഹുജനങ്ങളുടെ വലിയ രീതിയിലുള്ള പിന്തുണയോടെയാണ് നടന്നിട്ടുള്ളത്. ഭരണകൂട വായ്‌താരികൾ ഏറ്റു പാടുന്ന സംഘടനകൾക്ക് അതിൽ യാതൊരു പങ്കും ഇല്ലാതെ ഇരിക്കുകയും മറു പക്ഷത്തിനുള്ളവയ്ക്കുള്ള നേതൃത്വപരമായ പങ്കും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിനെ നിർബന്ധിച്ചിട്ടുണ്ട്. നവ കേരളത്തിലെ ജനകീയ സമരങ്ങളെ ഇടത്-വലത് സർക്കാരുകൾ എങ്ങനെയാണ് സമീപിച്ചിട്ടുള്ളത് എന്ന് നമുക്ക് അറിയാവുന്നതാണ്. സർക്കാർ സ്പോണ്സേർഡ് സമര പരിപാടികൾ മാത്രം നടന്നാൽ മതിയെന്നും കാടിനും വീടിനും ഭൂമിക്കുമേലുള്ള അധികാരത്തിനും വേണ്ടിയുള്ള ജനകീയ സമരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

ആദിവാസികളുടെ മുൻകൈയിലുള്ള സമരങ്ങളെ കെട്ടഴിച്ചു വിടാൻ ശ്രമിച്ചിട്ടുള്ള സംഘടനകൾക്ക് നേരെ ഈ ഉത്തരവിന് മുൻപും ഊരിൽ അതിക്രമിച്ചു കടക്കൽ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റം പോലിസ് ചുമത്തിയിരുന്നു. നിലമ്പൂർ -വെണ്ടയ്ക്കും പൊയിൽ ആദിവാസി ഊരിൽ പട്ടയവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉന്നയിച്ചു ആദിവാസികളെ സംഘടിപ്പിച്ചു സമരം ചെയ്യാൻ ശ്രമിച്ച പുരോഗമ യുവജന പ്രസ്ഥാനത്തിന് ഇത് നന്നായി ബോധ്യമുള്ളതാണ്.

ആദിവാസി ഊരുകളിലെ മാവോവാദി ഭീഷണിയാണ് ഇത്തരമൊരു ഉത്തരവിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചെതെന്ന് പറയുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാവുകയാണ്. നാളിതുവരെ മാവോവാദികളെ കൊണ്ട് ആദിവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ തന്നെ വിവിധ മാധ്യമങ്ങളിൽ കൂടിയും ഭരിക്കുന്ന സർക്കാരിന്റെ മുന്നണിയുടെ ഭാഗമായ സിപിഐയുടെ വസ്തുതാന്വേഷണ റിപോർട്ടിലൂടെയും വ്യക്തമായതാണ്.

ആദിവാസികളുടെ "തന്ത" ചമയൽ സർക്കാർ അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വളരെ ബാലിശമായ സർക്കുലറുകൾ ആദിവാസികൾക്ക് അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ ശേഷിയില്ലാത്തവരാണ് എന്ന വംശീയ മുൻവിധിയിൽ നിന്നുണ്ടാവുന്നതാണ്. ഇത്തരം പിന്തിരിപ്പൻ സർക്കുലറുകൾക്ക് പകരം ആദിവാസി ജനതയ്ക്ക് വിഭവങ്ങൾക്ക് മേൽ അവകാശം ഉറപ്പിച്ചു കിട്ടുന്ന വനാവകാശ നിയമവും പെസ ആക്ടും സംസ്ഥാന സർക്കാർ നടപ്പാക്കാൻ തയ്യാറാവണം. ജനാധിപത്യ സമൂഹത്തിനു ഒരു തരത്തിലും അംഗീകരിക്കാൻ സാധ്യമല്ലാത്ത ആദിവാസി വിരുദ്ധ സർക്കുലറുകൾക്ക് എതിരെ ബഹുജനങ്ങൾ തെരുവിലിറങ്ങണമെന്നും പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it