Kerala

മായാവീടെ മാന്ത്രിക വടി, യേശുവിനെ കുരിശില്‍ തറച്ച ആണി; മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് ആഘോഷമാക്കി ട്രോളര്‍മാര്‍

മായാവീടെ മാന്ത്രിക വടി, യേശുവിനെ കുരിശില്‍ തറച്ച ആണി; മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് ആഘോഷമാക്കി ട്രോളര്‍മാര്‍
X

കോഴിക്കോട്: മായാവീടെ മാന്ത്രിക വടി ഒരെണ്ണം എടുക്കാനുണ്ടോ ? ഇതാ... ഇതാണ് യേശു ക്രിസ്തുവിനെ കുരിശില്‍ തറച്ച ആണി, ഇത് പാപിയായ സ്ത്രീയെ ആദ്യമെറിഞ്ഞ കല്ല്..... മോന്‍സന്റെ പുരാവസ്തുക്കളുടെ തട്ടിപ്പ് ആഘോഷമാക്കി ആഘോഷമാക്കിയിരിക്കുകയാണ് ട്രോളര്‍മാര്‍. ചേര്‍ത്തലക്കാരനായ മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തുക്കളുടെ പേരില്‍ നടത്തിയ കോടികളുടെ തട്ടിപ്പിന്റെ കഥകള്‍ കേട്ട് മലയാളികള്‍ മൂക്കത്ത് വിരല്‍വച്ചിരിക്കുകയാണ്.


വിവിധ സിനിമാ കഥാപാത്രങ്ങളെയും ചരിത്രസംഭവങ്ങളെയും ആധാരമാക്കിയുള്ള ട്രോളുകളാണ് ഐസിയു, ട്രോള്‍ മലയാളം, ട്രോള്‍ സംഘ് തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും ഏറെയും പ്രചരിക്കുന്നത്.


'പഴയ ഒടിഞ്ഞ മേശയുടെ കാലെടുത്ത് മോശയുടെ അംശവടിയാണെന്ന് പറഞ്ഞ് വിറ്റിട്ട് ചങ്ക്..... വാങ്ങിയ ആളെ നോക്കി 'ഭാഗ്യവാനേ' എന്നൊരു വിളി. ജോജി സിനിമയില്‍ അപ്പന്റെ സ്വത്ത് കിട്ടാന്‍ പോവുന്ന ഫഹദ് ഫാസിലിന്റെ ജോജി കഥാപാത്രത്തെ നോക്കി ഷമ്മി തിലകന്‍ കോടീശ്വരാ... എന്ന് വിളിക്കുന്ന ചിത്രവുമായാണ് ട്രോള്‍. യേശുവിനെ ഒറ്റുകൊടുക്കാന്‍ യൂദാസിന് ലഭിച്ച 30 വെള്ളിക്കാശില്‍ രണ്ടെണ്ണം, യേശുവിന്റെ തിരുവസ്ത്രത്തിന്റെ കഷണം, യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, മോശയുടെ വടി, ഛത്രപതി ശിവജി സ്വകാര്യമായി സൂക്ഷിച്ച ഭഗവദ് ഗീത, ശ്രീനാരായണഗുരുവിന്റെ ഊന്നുവടി, മൈസൂരു കൊട്ടാരത്തിന്റെ ആധാരം, തിരുവിതാംകൂര്‍ രാജാവിന്റെ ഇരിപ്പിടം, രാജാ രവിവര്‍മയുടെയും ഡാവിഞ്ചിയുടെയും ചിത്രങ്ങള്‍ അങ്ങനെ നീളുന്നു മോണ്‍സന്റെ കൈവശമുള്ള 'അമൂല്യവസ്തുക്കള്‍'.


എന്നാല്‍, ഇതെല്ലാം വ്യാജമായി നിര്‍മിച്ചതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. തന്റെ കാണാതായ മാന്ത്രിക വടി തേടി മോന്‍സനെ വിളിക്കുന്ന മായാവി, ആദാമിന്റെ വാരിയെല്ലുണ്ടെന്ന കാര്യം തീരെ വിശ്വസിക്കില്ലെന്ന ഡയലോഗ് പറയുന്ന 'ഹോം' ലെ ഇന്ദ്രന്‍സ് കഥാപാത്രം, ക്രിസ്തുവിന്റെ തിരുവസ്ത്രം മുതല്‍ ഉണ്ണിക്കണ്ണന്‍ വെണ്ണ കട്ടുതിന്ന ഉറിവരെ കാണിച്ച് ഐഎഎസ് ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ച തനിരാവണനായി മോന്‍സനെ പരിചയപ്പെടുത്തുന്ന ചിത്രം, കേരളമുണ്ടാക്കാന്‍ എറിഞ്ഞ മഴു തപ്പി നടക്കുന്ന പരശുരാമനോട് വീട്ടിലുണ്ട്, വിറകുവെട്ടുന്നത് അതുകൊണ്ടാണെന്ന് പറയുന്ന മോന്‍സണ്‍ (വേണമെങ്കില്‍ കണ്ടുപോയ്‌ക്കോയെന്ന് കുറിപ്പ്) എന്നിങ്ങനെ ട്രോളുകളേറെയാണ്.


മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോണ്‍സന്റെ വീട്ടിലെ സിംഹാസനത്തില്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വാളേന്തി നില്‍ക്കുന്ന എഡിജിപി മനോജ് എബ്രഹാം ഈ ചിത്രത്തിലുണ്ടായിരുന്നു. മോണ്‍സന്‍ സര്‍, എത്ര കുലീനതയുള്ള മനുഷ്യന്‍..മോണ്‍സന്റെ നുണക്കഥകളെല്ലാം വിശ്വസിച്ച് അദ്ദേഹത്തിന്റെ സ്വീകരണമേറ്റുവാങ്ങിയ പോലിസുകാരെയും രാഷ്ട്രീയക്കാരെയും ഉന്നംവച്ചാണിത്.


മോണ്‍സന്റെ കൈയില്‍ പുഷ്പകവിമാനത്തിന്റെ കഷണവും മായാവിയുടെ മാന്ത്രികവടിയുമെല്ലാമുണ്ടെന്ന് ട്രോളുകളില്‍ പറയുന്നു. ഭാഗ്യത്തിന് തന്റെ കുന്തം മാത്രം മോണ്‍സന്‍ കൊണ്ടുപോയില്ലെന്ന് ലുട്ടാപ്പി ആശ്വസിക്കുന്നു. മോണ്‍സന്റെ അറസ്റ്റിന് പിന്നാലെ ഇയാളുടെ പഴയ വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.


സിനിമാ നടന്‍ ബാലയ്‌ക്കൊപ്പമുള്ള അഭിമുഖവും ചില യൂട്യൂബര്‍മാര്‍ നടത്തിയ അഭിമുഖങ്ങളും വൈറലാണ്.

Next Story

RELATED STORIES

Share it