Kerala

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

നേരത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒരു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടിരുന്നു.ഈ കസ്റ്റഡി ഇന്ന് അവസാനിക്കും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും
X

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.ശിവശങ്കറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.നേരത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒരു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടിരുന്നു.ഈ കസ്റ്റഡി ഇന്ന് അവസാനിക്കും.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ കുടുതല്‍ ചോദ്യം ചെയ്യലിനു വിധേയമാക്കേണ്ടത് ആവശ്യമാണെന്നും എന്‍ഫോഴ്‌സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ 13 ദിവസത്തെ കസ്റ്റഡിക്കു ശേഷം വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിടുന്നതിനെ ശിവശങ്കറിന്റെ അഭിഭാഷകന്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തു.ഇത്രയും നാള്‍ പറയാത്ത കാര്യങ്ങള്‍ പെട്ടന്നൊരു ദിവസം സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയെന്ന ഇഡിയുടെ വാദം ഒരു തരത്തിലും വിശ്വസനീയമല്ലെന്നും ശിവങ്കറിനെ വീണ്ടും കസ്റ്റഡിയില്‍വെയ്ക്കുന്നതിനാണ് ഇത്തരത്തിലുള്ള വാദം ഇ ഡി ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയിയില്‍ വാദിച്ചു.

കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ ശിവശങ്കറിനെ 30 ന് കോടതിയില്‍ ഹാജരാക്കിയ എന്‍ഫോഴ്‌മെന്റ് ഒരാഴ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം ഈ മാസം അഞ്ചിന് ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം ആറു ദിവസത്തേക്കു കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഈ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം പരിഗണിച്ച് ഒരു ദിവസം കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു.ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ശിവശങ്കറിനെതിരെ നിരവധി ആരോപണങ്ങളാണ് ഇ ഡി കോടതിയില്‍ നല്‍കിയിരിക്കുന്ന റിപോര്‍ടില്‍ ചുമത്തിയിരിക്കന്നത്.സ്വര്‍ണക്കടത്ത് അടക്കമുള്ളവ സംബന്ധിച്ച് ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും അറിയാമായിരുന്നുവെന്നാണ് ഇ ഡി നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it