Kerala

സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുനക്രമീകരിച്ചതിനെതിരേ മുസ്‌ലിം ലീഗ്

സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുനക്രമീകരിച്ചതിനെതിരേ മുസ്‌ലിം ലീഗ്
X

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനക്രമീകരിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് രംഗത്ത്. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ ജനസംഖ്യാനുപാതികമായി പുനക്രമീകരിച്ച മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുനക്രമീകരണത്തിലൂടെ സ്‌കോളര്‍ഷിപ്പിന് പിന്നാക്കാവസ്ഥ മാനദണ്ഡമല്ലാതെയായി. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വിവിധ ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, അതിന് വേറെ പദ്ധതിയുണ്ടാക്കുകയാണ് വേണ്ടത്. നിലവില്‍ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സച്ചാര്‍ കമ്മിറ്റിയേക്കാള്‍ കൂടൂതല്‍ ആനുകൂല്യം നല്‍കാനാണ് ഞങ്ങള്‍ പാലൊളി കമ്മിറ്റി കൊണ്ടുവന്നതെന്ന് പറഞ്ഞ ഇടതുസര്‍ക്കാര്‍തന്നെ അതിനെ 80:20 ആക്കി മാറ്റി. എന്നിട്ട് അവര്‍തന്നെ ഒരുവിഭാഗത്തിന് 80 ശതമാനം ലഭിക്കുന്നു, മറ്റൊരു വിഭാഗത്തിന് 20 മാത്രമേയുള്ളൂവെന്ന ചര്‍ച്ചയുമുണ്ടാക്കി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ സര്‍ക്കാര്‍ അനാവശ്യവിവാദം സൃഷ്ടിക്കുകയാണ്. വോട്ടുബാങ്ക് ലക്ഷ്യവച്ച് സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സച്ചാര്‍ കമ്മിറ്റി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മുസ് ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍, അത് സര്‍ക്കാര്‍ പരിഗണിച്ചില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്നും പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി വിധി.

Next Story

RELATED STORIES

Share it