Kerala

മാവോവാദി ബന്ധം കള്ളക്കഥ; പോലിസിനെതിരേ രൂക്ഷവിമര്‍ശനവുമായി അലന്റെ കുടുംബം

15 വയസ് മുതല്‍ മകനെ നിരീക്ഷിക്കുന്നതായി പോലിസ് പറയുന്നു. അന്ന് മുതല്‍ മാവോവാദി ബന്ധമുണ്ടെന്നാണ് പോലിസ് ഭാഷ്യം. എങ്കില്‍ തിരുത്താനായി എന്തുകൊണ്ട് രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് സബിത ചോദിക്കുന്നു.

മാവോവാദി ബന്ധം കള്ളക്കഥ; പോലിസിനെതിരേ രൂക്ഷവിമര്‍ശനവുമായി അലന്റെ കുടുംബം
X

കോഴിക്കോട്: പോലിസിനെതിരേ രൂക്ഷവിമര്‍ശനവുമായി യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ അലന്റെ കുടുംബം രംഗത്ത്. മാവോവാദി ബന്ധമെന്നത് പോലിസിന്റെ കള്ളക്കഥയാണെന്ന് അലന്റെ അമ്മ സബിത മഠത്തില്‍ ആരോപിച്ചു. 15 വയസ് മുതല്‍ മകനെ നിരീക്ഷിക്കുന്നതായി പോലിസ് പറയുന്നു. അന്ന് മുതല്‍ മാവോവാദി ബന്ധമുണ്ടെന്നാണ് പോലിസ് ഭാഷ്യം. എങ്കില്‍ തിരുത്താനായി എന്തുകൊണ്ട് രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് സബിത ചോദിക്കുന്നു. ജില്ലാ കോടതിയില്‍നിന്നും ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. നിയമസഹായം നല്‍കുന്നത് സിപിഎമ്മാണെന്നും സബിത കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമോയെന്ന കാര്യത്തില്‍ പോലിസ് അന്തിമതീരുമാനം പറഞ്ഞിട്ടില്ല. യുഎപിഎ ചുമത്തിയത് പുനപ്പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പോലിസിന് തിരിച്ചടിയാണ്. പ്രതികളുടെ ജാമ്യാപേക്ഷ യുഎപിഎ പ്രത്യേക കോടതിയാണ് പരിഗണിക്കുക. ഇവര്‍ക്കെതിരേ ശക്തമായ തെളിവുണ്ടെന്നാണ് പോലിസ് പറയുന്നത്. നഗരത്തില്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന സംഘം കാട്ടിലുള്ള മാവോവാദികളുടെ കണ്ണിയാണെന്ന് അന്വേഷണസംഘം വാദിക്കുന്നു. പിടിയാലയവരില്‍ ഒരാളെ 2015 മുതല്‍ പോലിസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവരുടെ കൈയില്‍നിന്ന് ലാപ്‌ടോപ്പും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it