Kerala

മഹാത്മജിയും നെഹ്‌റുവും അപ്രത്യക്ഷമാകുന്നു; പകരം സര്‍ദാര്‍ പട്ടേലും സവര്‍ക്കറും വരുന്നു: കെ ടി ജലീൽ

ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികളെ കോളജില്‍ പ്രവേശിപ്പിക്കില്ലെന്ന ഉഡുപ്പിയില്‍ നിന്നുള്ള വാര്‍ത്ത അത്യന്തം അപലപനീയമാണ്. ഇന്ത്യ എങ്ങോട്ട് പോകുന്നു എന്നതിന്റെ വ്യക്തമായ ചൂണ്ടുപലകയാണ് അത്.

മഹാത്മജിയും നെഹ്‌റുവും അപ്രത്യക്ഷമാകുന്നു; പകരം സര്‍ദാര്‍ പട്ടേലും സവര്‍ക്കറും വരുന്നു: കെ ടി ജലീൽ
X

കോഴിക്കോട്: കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികളെ കോളജില്‍ പ്രവേശിപ്പിക്കില്ലെന്ന വാര്‍ത്ത അത്യന്തം അപലപനീയമാണെന്നും ഇന്ത്യ എങ്ങോട്ട് പോകുന്നു എന്നതിന്റെ വ്യക്തമായ ചൂണ്ടുപലകയാണ് അതെന്നും ജലീല്‍ പറഞ്ഞു.

ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികളെ കോളജില്‍ പ്രവേശിപ്പിക്കില്ലെന്ന ഉഡുപ്പിയില്‍ നിന്നുള്ള വാര്‍ത്ത അത്യന്തം അപലപനീയമാണ്. ഇന്ത്യ എങ്ങോട്ട് പോകുന്നു എന്നതിന്റെ വ്യക്തമായ ചൂണ്ടുപലകയാണ് അത്. സംഘപരിവാര്‍ ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള അടിത്തറ പാകിയതിന്റെ സൂചന മനുഷ്യരുടെ ഭക്ഷണക്രമത്തില്‍ ഇടപെട്ട് അന്‍പതോളം ആളുകളെ അതിക്രൂരമായി തല്ലിക്കൊന്നപ്പോള്‍ തന്നെ ലോകത്തിന് കിട്ടിയിരുന്നു.

'ജയ് ശ്രീറാം' വിളിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുകയും അനുസരിച്ചില്ലെങ്കില്‍ നിഷ്‌കരുണം മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയത് നാം കണ്ടതാണ്. മഹാത്മജിയുടെയും പണ്ഡിറ്റ് നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ പ്രധാന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പതിയെ പതിയെ അപ്രത്യക്ഷമാവുന്നത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സര്‍ദാര്‍ പട്ടേലിന്റെയും സവര്‍ക്കറുടെയും ചിത്രങ്ങള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.

ദുബയ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പട്ടേലിന്റെ ഭീമാകാരന്‍ വെങ്കലപ്രതിമ വിദേശികളില്‍ പോലും ഇന്ത്യയെ കുറിച്ച് അപമതിപ്പുണ്ടാക്കാനേ ഉപകരിച്ചിട്ടുള്ളൂ. ഇന്ത്യ എന്ന രാജ്യം മഹാത്മജിയുടെ പര്യായ പദമായിട്ടാണ് ലോകം ഇന്നേവരെ കണ്ടത്. ഗാന്ധിസം തമസ്‌കരിക്കപ്പെടുകയും ഗോള്‍വാള്‍ക്കറിസം തല്‍സ്ഥാനം കയ്യടക്കുകയും ചെയ്യുന്നതിന്റെ ബഹിര്‍സ്ഫുരണമാണ് നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടിയിലെ ഉഡുപ്പിയില്‍ കണ്ടത്. നമ്മുടെ വീട്ടുപടിക്കല്‍ ഫാഷിസം എത്തിയതിന്റെ പ്രഖ്യാപനവും കൂടിയാണത്.

ഇതിന് ഭരണകൂടം വളം വെച്ച് കൊടുത്താല്‍ ഭരണഘടനയുടെ ആണിക്കല്ലുകളില്‍ ഒന്നായ 'മതേതരത്വം' കുഴിച്ച് മൂടപ്പെടും. അതുണ്ടാകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറും കര്‍ണ്ണാടക സര്‍ക്കാറും ഫലപ്രദമായ ഇടപെടല്‍ നടത്തേണ്ടത് അനിവാര്യമാണ്. ഭാരതത്തെ അതിന്റെ ബഹുസ്വരതയില്‍ കാണാനായില്ലെങ്കില്‍ പിന്നെ 'സെക്കുലര്‍ ഇന്ത്യക്ക്' ചരമ ഗീതമെഴുതേണ്ട അവസ്ഥയുണ്ടാകും. അതുണ്ടാകാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it