ശ്വാസകോശ കാന്‍സറിന് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന ; 50 ശതമാനത്തോളം പേരിലും രോഗം മൂര്‍ധന്യാവസ്ഥയില്‍
ആഗോള തലത്തില്‍ കാന്‍സറുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങളില്‍ ഏറെയും ശ്വാസകോശ കാന്‍സര്‍ കാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ശരാശരി 2.9 ദശലക്ഷം മരണങ്ങള്‍ക്ക് ശ്വാസകോശ കാന്‍സര്‍ കാരണമാകുന്നുണ്ട്

കൊച്ചി: കൊവിഡ് ലോക്ഡൗണിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ലോക്ഡൗണിന് ശേഷം 20 ശതമാനം വര്‍ധനവുണ്ടായതായി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഇതില്‍ 50 ശതമാനത്തോളം പേരിലും രോഗലക്ഷണങ്ങളെ അവഗണിച്ചതിനാല്‍ കാന്‍സര്‍ബാധമൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. ചുമ, ശ്വസിക്കുന്നതിനുള്ള നേരിയ ബുദ്ധിമുട്ടുകള്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഇതില്‍ ഭൂരിഭാഗം പേരും ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നില്ലെന്നും ഡോക്ടര്‍മാ വ്യക്തമാക്കുന്നു.
ആഗോള തലത്തില്‍ കാന്‍സറുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങളില്‍ ഏറെയും ശ്വാസകോശ കാന്‍സര്‍ കാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ശരാശരി 2.9 ദശലക്ഷം മരണങ്ങള്‍ക്ക് ശ്വാസകോശ കാന്‍സര്‍ കാരണമാകുന്നുണ്ട്. നാഷണല്‍ കാന്‍സര്‍ രജിസ്ട്രി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 27 ശതമാനം ശ്വാസകോശ കാന്‍സര്‍ കേസുകള്‍ക്കും കാരണം പുകയിലയുടെ ഉപയോഗമാണ്. ലിംഫ് നോഡുകളിലൂടെ ശ്വാസകോശ കാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ബാധിക്കുകയും ട്യൂമര്‍ രൂപപ്പെടുകയുമാണ് ചെയ്യുന്നത്. പുകവലി ഒഴിവാക്കുന്നതിലൂടെയും ദിവസേന വ്യായാമം ചെയ്യുന്നതിലൂടെയും ശ്വാസകോശ കാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കും. ചുമ, നെഞ്ചുവേദന, പനി, തളര്‍ച്ച, ക്ഷീണം, കഫത്തില്‍ രക്തം കാണപ്പെടുക, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍ എന്നിവ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങളാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കൊവിഡ് ലോക്ഡൗണിനു ശേഷം കേരളത്തില്‍ ആശങ്കാജനകമായ വിധത്തില്‍ ശ്വാസകോശ കാന്‍സര്‍ വര്‍ധിക്കുന്നതായി പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി ചീഫ് ഡോ.ടിങ്കു ജോസഫ് പറയുന്നു.ലോക്ഡൗണ്‍ കാലയളവില്‍ ശ്വാസകോശ കാന്‍സര്‍ പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം, ശ്വാസകോശ കാന്‍സര്‍ ഗുരുതരമായ അവസ്ഥയില്‍ ഒപിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കണ്ടുവരുന്നത്.
ലോക്ഡൗണിനു ശേഷം ചികില്‍സയ്‌ക്കെത്തുന്ന ശ്വാസകോശ കാന്‍സര്‍ രോഗികളില്‍ 70 ശതമാനത്തോളം പേരും തങ്ങള്‍ക്ക് ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. എന്നാല്‍ കൊവിഡ് ബാധയുണ്ടാകുമോ എന്ന ഭയം കാരണം ഇവര്‍ ആശുപത്രിയില്‍ പരിശോധനയ്്ക്ക് എത്താന്‍ തയ്യാറായിരുന്നില്ല. ഇതു കൊണ്ടു തന്നെ ശ്വാസകോശ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടാകുകയും ഇതില്‍ 50 ശതമാനത്തോളം പേരിലും കാന്‍സര്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തുകയും ചെയ്തിട്ടുണ്ടെന്നും ഡോ.ടിങ്കു ജോസഫ് പറയുന്നു
കാന്‍സര്‍ വളരെ വൈകി കണ്ടെത്തിയാല്‍ രോഗിക്ക് കാര്യമായ ചികിത്സയോ പ്രതീക്ഷയോ നല്‍കാന്‍ ഒരിക്കലും സാധിക്കാറില്ല. കാന്‍സര്‍ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രോഗികളില്‍ ഇത് ഭേദമാക്കുകയെന്നത് അത്യന്തം ബുദ്ധിമുട്ടാണ്. ഇത്തരം രോഗികള്‍ക്ക് ഒന്നെങ്കില്‍ രോഗത്തിനുള്ള ചികിത്സയ്ക്കുപരിയായി പാലിയേറ്റീവ് കെയറോ അല്ലെങ്കില്‍ കീമോതെറാപ്പിയോ റേഡിയോ തെറാപ്പിയോ ആണ് നിര്‍ദേശിക്കാറുള്ളത്. നമ്മുടെ രാജ്യത്ത് ശ്വാസകോശ അര്‍ബുദത്തിനുള്ള ഒരു പ്രധാന കാരണം പുകവലി തന്നെയാണ്. ആസ്ബറ്റോസ്, ആഴ്‌സെനിക്, യുറേനിയം എന്നിവയുമായി സ്ഥിരമായുള്ള സമ്പര്‍ക്കവും ഒരു ഘടകമാണെന്നും ഡോ.ടിങ്കു ജോസഫ് പറഞ്ഞു.
50 നും 80 നും ഇടയില്‍ പ്രായമുള്ളവര്‍, സ്ഥിരമായി പുകവലിക്കുന്നവര്‍, ആസ്ബറ്റോസ്, ആഴ്‌സെനിക്, പെട്രോകെമിക്കല്‍ പുക എന്നിവയുമായി സ്ഥിരമായി സമ്പര്‍ക്കമുള്ളവര്‍, കുടുംബത്തിലോ അടുത്ത ബന്ധുക്കളിലാര്‍ക്കെങ്കിലുമോ കാന്‍സറുള്ളവര്‍ എന്നിവരെല്ലാം നിര്‍ബന്ധമായും കാന്‍സര്‍ സ്‌ക്രീനിങ്ങ് നടത്തേണ്ടതാണ്. ഇതിലൂടെ ശ്വാസകോശ കാന്‍സര്‍ നേരത്തെ കണ്ടെത്താനും ചികിത്സയിലൂടെ രോഗം പൂര്‍ണമായി ഭേദമാക്കാനും സാധിക്കുമെന്നും ഡോ.ടിങ്കു ജോസഫ് പറഞ്ഞു.
ഇന്ത്യയില്‍ കാന്‍സര്‍ പരിശോധന കാര്യക്ഷമമാക്കുകയെന്നത് ഏറ്റവും പ്രധാനമായ കാര്യമാണെന്ന് മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോളജി വിഭാഗം ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.വെസ്ലി എം ജോസ് പറയുന്നു.കാന്‍സര്‍ പരിശോധനകളുടെ അഭാവം കൊവിഡ് തരംഗ സമയത്ത് ശ്വാസകോശ കാന്‍സര്‍ രോഗികളുടെ അവസ്ഥ ഗുരുതരമാകാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ഗണ്യമായ വിഭാഗം ആളുകളില്‍ പുകവലി ശീലമുള്ളതിനാല്‍ തന്നെ കൃത്യമായ ഒരു ശ്വാസകോശ പരിശോധനാ സംവിധാനത്തിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT