Kerala

കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി, വ്യാപക കൃഷിനാശം

കൊച്ചി എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിനെയാണ് കാണാതായത്. പുലര്‍ച്ചെ ഒരുമണിയോടെ മണര്‍കാട് നാലുമണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്.

കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി, വ്യാപക കൃഷിനാശം
X

കോട്ടയം: കനത്ത മഴയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. പേരൂര്‍, നീലിമംഗലം, നാഗമ്പടം മേഖലയില്‍ ജലനിരപ്പ് ഉയരുകയാണ്. വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകളില്‍ സ്ഥിതി രൂക്ഷമാണ്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനുമായി വന്ന ടാക്‌സി ഡ്രൈവറെ കോട്ടയത്ത് ഒഴുകില്‍പ്പെട്ട് കാണാതെയായി. കൊച്ചി എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിനെയാണ് കാണാതായത്. പുലര്‍ച്ചെ ഒരുമണിയോടെ മണര്‍കാട് നാലുമണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്.

വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി തിരികെവരികയായിരുന്നു ജസ്റ്റിന്‍. യാത്രയ്ക്കിടെ കാര്‍ ഒഴുകില്‍പ്പെട്ടതോടെ ഇയാള്‍ പുറത്തിറങ്ങി കാര്‍ തള്ളി നീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മഴ വീണ്ടും ശക്തിപ്പെട്ടതോടെ ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. ചെങ്ങളം, കിളിരൂര്‍, മലരക്കില്‍, കാഞ്ഞിരം, കുമ്മനം, കളരിക്കല്‍, മണിയല, മറ്റത്തില്‍ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവന്‍ പുരയിടങ്ങളും വെള്ളത്തിലായി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

മീനിച്ചിലാറിന്റെയും, മണിമലയാറിന്റെയും കൊടൂരാറിന്റെയും കൈവിഴികളായുള്ള എല്ലാ സ്ഥലങ്ങളിലും ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും മുകളിലാണ്. വേളൂര്‍ കല്ലുപുരയ്ക്കല്‍, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. കൊടുരാറില്‍ മാങ്ങാനം ഭാഗത്ത് ജലനിരപ്പ് രണ്ടടി ഉയര്‍ന്നു. മാങ്ങാനം എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. പേരൂര്‍, നീലിമംഗലം, കോടിമത, നാഗമ്പടം, കുമരകം, തിരുവാര്‍പ്പ്, കരിമ്പിന്‍കാലക്കടവ്, പാറയില്‍ക്കടവ് എന്നിവിടങ്ങളില്ലാം ശക്തമായ മഴയാണുള്ളത്. ഇവിടങ്ങളില്ലാംം ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുമുണ്ട്. വൈക്കത്തും മഴയ്ക്ക് ശമനമില്ല.

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ്, കോട്ടയം- കുമരകം- ഇല്ലിക്കല്‍ റോഡ്, പാലാ- ഈരാറ്റുപേട്ട- മൂന്നാനി റോഡ്, പാലാ- ഏറ്റുമാനൂര്‍ റോഡ് കൊട്ടാരമറ്റം സ്റ്റാന്റ്, മണര്‍കാട്- ഏറ്റുമാനൂര്‍ ബൈപാസ്, എംസി റോഡ്- നാഗമ്പടം, തലയോലപ്പറമ്പ്- വൈക്കം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. കല്ലറ 110 പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായി. 500 ഹെക്ടറിലെ 12- 45 ദിവസവളര്‍ച്ചയുള്ള നെല്‍ച്ചെടികള്‍ വെള്ളത്തില്‍ മുങ്ങി.

കോട്ടയം ജില്ലയില്‍ 127 ദുരിതാശ്വാസ ക്യാംപുകള്‍

ജില്ലയില്‍ ഇന്നലെ രാത്രി 7.30 വരെ വരെ 127 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 959 കുടുംബങ്ങളിലെ 3126 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. ഇതില്‍ 1,306 പുരുഷന്‍മാരും 1,318 സ്ത്രീകളും 502 കുട്ടികളും ഉള്‍പ്പെടുന്നു. പൊതുവിഭാഗത്തിനായി 85 ഉം 60 വയസിനു മുകളിലുള്ളവര്‍ക്കായി 39ഉം ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കായി മൂന്നും ക്യാംപുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റവുമധികം ദുരിതാശ്വാസ ക്യാംപുകള്‍ കോട്ടയം താലൂക്കിലാണ്. 83 ക്യാംപുകളാണ് ഇവിടെയുള്ളത്. മീനച്ചില്‍-17, കാഞ്ഞിരപ്പള്ളി-16, വൈക്കം-10, ചങ്ങനാശേരി-1 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാംപുകളുടെ എണ്ണം.

വെറ്ററിനറി കണ്‍ട്രോള്‍ റൂം

മൃഗസംരക്ഷണ മേഖലയിലെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പൊതുജനങ്ങള്‍ക്ക് 0481-2564623 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it