Kerala

ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം: ആർടിഐ കേരള ഫെഡറേഷൻ

ലോകായുക്തയെ ദുർബലമാക്കുന്നത് രാഷ്ട്രീയ സദാചാരത്തിനോ ധാർമികതയ്ക്കോ നിരക്കുന്നതല്ല.

ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം: ആർടിഐ കേരള ഫെഡറേഷൻ
X

കൊച്ചി: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻതിരിയണമെന്നും ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്നും ആർ ടി ഐ കേരളാ ഫെഡറേഷൻ ആവശ്യപ്പെട്ടു. തികച്ചും ജനാധിപത്യ വിരുദ്ധമായ ഈ നീക്കത്തിൽ നിന്നും കേരള സർക്കാർ പിന്തിരിയണമെന്ന് ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

അഴിമതിക്കെതിരെയും സ്വജന പക്ഷപാതത്തിനെതിരെയും നടപടിയുണ്ടാവുമെന്നും, അതിനായി ലോകായുക്തയെന്ന സംവിധാനം ഉണ്ടെന്നുമുള്ള ജനങ്ങളുടെ പ്രതീക്ഷയെ തല്ലിക്കെടുത്തുന്ന നടപടിയാണ് ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുളള സർക്കാർ നീക്കങ്ങൾ. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നതിൻറെ യുക്തിയും ഉദ്ദേശശുദ്ധിയും സംശയാസ്പദമാണ്.

ലോകായുക്തയെ ദുർബലമാക്കുന്നത് രാഷ്ട്രീയ സദാചാരത്തിനോ ധാർമികതയ്ക്കോ നിരക്കുന്നതല്ല. ഇ കെ നായനാർ മുഖ്യമന്ത്രിയും ഇ ചന്ദ്രശേഖരൻ നായർ നിയമ മന്ത്രിയുമായിരുന്ന കാലത്ത് ഇക്കാര്യം നിയമസഭാ തലത്തിൽ ചർച്ച ചെയ്തു തീരുമാനം എത്തിട്ടുള്ളതാണ്. പതിറ്റാണ്ടുകൾക്കിപ്പുറം പുനപരിശോധനയ്ക്കു എന്ത് പ്രസക്തിയാണുള്ളത് എന്നത് സംശയകരമാണ്. ജനങ്ങൾ വോട്ടവകാശം രേഖപ്പെടുത്തി അഞ്ചു വർഷ കാലം ഭരിക്കുന്നവരെ സഹിക്കണമെന്ന നിലവിലെ സാഹചര്യത്തിൽ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന മന്ത്രിമാർക്കെതിരെ പരാതിപ്പെടുവാനും, അവർക്കെതിരെ നടപടി സ്വീകരിപ്പിക്കുവുമാനുമുള്ള ഏക സംവിധാനമാണ് ഇല്ലാതാക്കുന്നത്.

ജില്ലാ കലക്ടർമാർക്കോ, വില്ലേജ് ഓഫീസർമാർക്കോ തീരുമാനമെടുക്കാവുന്ന അധികാരങ്ങൾ മാത്രം നൽകുവാൻ ജനങ്ങളുടെ നികുതിപ്പണം ചിലവാക്കി ഇങ്ങനെയൊരു അധികാരങ്ങൾ ഇല്ലാത്ത ഇൻസ്റ്റിറ്റ്യൂഷന്റെ ആവശ്യമില്ലല്ലോ? അഴിമതിക്കാർക്ക് ഭയവും ജനങ്ങൾക്ക് പ്രതീക്ഷയുമായിരുന്ന ഒരു സംവിധാനത്തിന്റെ അധികാരങ്ങൾ തിടുക്കപ്പെട്ട്, ഓർഡിനൻസിലൂടെ കവർന്നെടുത്ത്, കൂച്ചുവിലങ്ങിടുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നു ആർടിഐ കേരള ഫെഡറേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ശശികുമാർ മാവേലിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി കെ എൻ കെ നമ്പൂതിരി, ജനറൽ സെക്രട്ടറി അഡ്വ. എ ജയകുമാർ, സെക്രട്ടറി ജോളി പവേലിൽ ട്രഷറർ കെ എ ഇല്യാസ്, ഡിക്സൺ ഡി സിൽവ, വിശ്വനാഥപിള്ള, ഹരിലാൽ, അഡ്വ. രാജീവൻ മോഹനചന്ദ്രൻ, റെജി ജോൺ,ചന്ദ്രശേഖര പിള്ള എന്നിവർ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it