Kerala

ലോകായുക്ത നിയമ ഭേദഗതി;പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

22 വര്‍ഷത്തിന് ശേഷം ലോകായുക്ത നിയമ വിരുദ്ധമെന്ന് പറയുന്നത് ശരിയല്ല.ഇത് പരിശോധിക്കാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി

ലോകായുക്ത നിയമ ഭേദഗതി;പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
X

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പു വെക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.ലോകായുക്തയുടെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണ് ഓര്‍ഡിന്‍സെന്ന് പ്രതിപക്ഷം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നേരത്തെ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.22 വര്‍ഷത്തിന് ശേഷം ലോകായുക്ത നിയമവിരുദ്ധമെന്ന് പറയുന്നത് ശരിയല്ല. ഇത് പരിശോധിക്കാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.ഒര്‍ഡിനന്‍സ് കൊണ്ടുവന്നത് ലോകായുക്തയുടെ പല്ലും നഖവും ഒടിക്കാനാണെന്ന് സതീശന്‍ വിമര്‍ശിച്ചു.

ലോകായുക്ത നിയമത്തെ പ്രശംസിച്ചിരുന്ന മുഖ്യമന്ത്രി സര്‍ക്കാരിനെതിരായ കേസ് നിലനില്‍ക്കുന്നതു കൊണ്ടാണ് നിയമ ഭേദഗതിയുമായി വരുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഓര്‍ഡിനന്‍സിലൂടെ ഇകെ നായനാരെയും അന്നത്തെ നിയമമന്ത്രി ചന്ദ്രശേഖരനെയും അപമാനിക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

നിയമവശങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി വിഡി സതീശന്‍ പറഞ്ഞു.മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനും എതിരെ ലോകായുക്തയില്‍ പരാതികള്‍ നിലനില്‍ക്കുന്ന കാര്യവും പ്രതിപക്ഷ സംഘം ഗവര്‍ണറെ ധരിപ്പിച്ചു.ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അടങ്ങിയ സംഘമാണ് ഗവര്‍ണറെ കണ്ടത്.ഭേദഗതിയിലൂടെ അപ്പീല്‍ അധികാരം സര്‍ക്കാരിലേക്ക് വരുന്നതിന്റെ അപ്രായോഗികതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ കൈമാറിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ നിയമോപദേശം തേടിയ ശേഷമാകും വിഷയത്തില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുക.നിയമസഭാ സമ്മേളനം അടുത്തിരിക്കെ ഗവര്‍ണര്‍ തിരക്കിട്ട് തീരുമാനം എടുക്കില്ലെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് നിയമഭേദഗതി ബില്ലായി സഭയില്‍ അവതരിപ്പിക്കേണ്ടി വരും. ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിന് വീണ്ടും ഗവര്‍ണറെ സമീപിക്കുകയും ഓര്‍ഡിനന്‍സില്‍ അംഗീകാരം നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്യും.

Next Story

RELATED STORIES

Share it