Kerala

മുസ്‌ലിം ലീഗിലേയ്ക്ക് മടങ്ങണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് കാരാട്ട് റസ്സാഖ്; ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ പി എ മജീദ്

പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവര്‍ താനുമായി ചര്‍ച്ച നടത്തിയെന്നാണ് റസ്സാഖ് ചാനലുകളോട് വെളിപ്പെടുത്തിയത്. സംസ്ഥാന നേതാക്കളെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിന്റെ പ്രവര്‍ത്തനം. ലീഗ് സംസ്ഥാന നേതൃത്വവുമായി തനിക്ക് നല്ല ബന്ധമാണ്.

മുസ്‌ലിം ലീഗിലേയ്ക്ക് മടങ്ങണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് കാരാട്ട് റസ്സാഖ്; ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ പി എ മജീദ്
X

കോഴിക്കോട്: തന്നെ മുസ്‌ലിം ലീഗിലേക്ക് തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തിയതായി കൊടുവള്ളി എംഎല്‍എ കാരാട്ട് റസ്സാഖ്. പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവര്‍ താനുമായി ചര്‍ച്ച നടത്തിയെന്നാണ് റസ്സാഖ് ചാനലുകളോട് വെളിപ്പെടുത്തിയത്. അതേസമയം, തനിക്കെതിരേ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച പ്രാദേശികമായിട്ടുള്ള ആളുകള്‍ ലീഗില്‍നിന്നും പുറത്തുകടന്നതിന് ശേഷം തനിക്കെതിരായതിനാല്‍ ഈ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് നേതാക്കളെ അറിയിച്ചു. സംസ്ഥാന നേതാക്കളെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിന്റെ പ്രവര്‍ത്തനം. ലീഗ് സംസ്ഥാന നേതൃത്വവുമായി തനിക്ക് നല്ല ബന്ധമാണ്.

പിടിഎ റഹീമിനെ തിരികെയെത്തിക്കാനും ലീഗ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ കാര്യം എല്‍ഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ തനിക്ക് നല്ല പരിഗണനയാണ് കിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടുവള്ളിയില്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാരാട്ട് റസ്സാഖിനെ തന്നെ മല്‍സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ലീഗിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കമെന്നായിരുന്നു വാര്‍ത്തകള്‍. അതേസമയം, കാരാട്ട് റസ്സാഖിന്റെ വാദങ്ങള്‍ നിഷേധിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് രംഗത്തെത്തി.

കൊടുവള്ളി എംഎല്‍എ കാരാട്ട് റസ്സാഖുമായി മുസ്‌ലിംലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കാരാട്ട് റസ്സാഖുമായി യാതൊരു വിധ ചര്‍ച്ചയും കുഞ്ഞാലിക്കുട്ടിയോ ഞാനോ എവിടെ വച്ചും നടത്തിയിട്ടില്ല. അങ്ങനെ ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യമുണ്ടായിട്ടില്ല. ഇല്ലാത്ത ഒരുകാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. ഈ അടുത്തകാലത്ത് അദ്ദേഹവുമായി നേരിട്ട് കണ്ടിട്ടുതന്നെയില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാര്‍ത്തയെന്ന് സംശയിക്കുന്നതായും കെ പി എ മജീദ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കുകയായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയായിരുന്ന എം എ റസ്സാഖിനെ 573 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാരാട്ട് റസ്സാഖ് കൊടുവള്ളി മണ്ഡലം പിടിക്കുന്നത്. മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് മടങ്ങിയ കാരാട്ട് റസ്സാഖ് തൊട്ടടുത്ത ദിവസം ഇടതുപിന്തുണയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് വലിയ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. രണ്ടാം തവണയും കൊടുവള്ളിയില്‍ താന്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയാവുമെന്ന് കഴിഞ്ഞമാസം റസ്സാഖ് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it