Kerala

കൊവിഡ് പ്രതിരോധത്തിന് തുരങ്കം വയ്‌ക്കാൻ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുന്നു: എൽഡിഎഫ്

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനമാണ്‌ നടക്കുന്നതെന്ന്‌ രാജ്യമാകെ വിലയിരുത്തുമ്പോഴാണ്‌ കുത്തിത്തിരിപ്പിന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും സംയുക്തമായി ശ്രമിക്കുന്നത്‌.

കൊവിഡ് പ്രതിരോധത്തിന് തുരങ്കം വയ്‌ക്കാൻ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുന്നു: എൽഡിഎഫ്
X

തിരുവനന്തപുരം: കേരളത്തിൽ മികച്ച രീതിയിൽ നടന്നുവരുന്ന കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ വിവാദം സൃഷ്‌ടിച്ച്‌ തുരങ്കം വയ്‌ക്കാനാണ്‌ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. കൊവിഡ്‌ വ്യാപനം ചെറുക്കുന്നതിനും ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കുന്നതിനും ഏറ്റവും സുതാര്യമായ നിലയിലാണ്‌ സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്‌.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനമാണ്‌ നടക്കുന്നതെന്ന്‌ രാജ്യമാകെ വിലയിരുത്തുമ്പോഴാണ്‌ ഇവിടെ കുത്തിത്തിരിപ്പിന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും സംയുക്തമായി ശ്രമിക്കുന്നത്‌.

ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴെങ്കിലും രാഷ്‌ട്രീയം മാറ്റിവച്ച്‌ സഹകരിക്കുന്നതിന്‌ പകരം ലോകത്തിന്‌ മുമ്പിൽ കേരളത്തിന്റെ ഒരുമയെ ഇകഴ്‌ത്താനാണ്‌ പ്രതിപക്ഷ നേതാവിന്റെ ശ്രമം. സാലറി ചലഞ്ചിന്റെ പേരിലും ഇരട്ടത്താപ്പ്‌ നയമാണ്‌ കോൺഗ്രസിന്‌. കോവിഡ്‌ പ്രതിരോധത്തിന്‌ അമേരിക്കൻ മോഡൽ സ്വീകരിക്കണമെന്ന്‌ നിയമസഭയിൽ ഒരു ഉളുപ്പുമില്ലാതെ പ്രസംഗിച്ചയാളാണ്‌ പ്രതിപക്ഷ നേതാവ്‌. അമേരിക്കൻ മോഡൽ സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നൂവെന്ന്‌ സ്വയം ആലോചിക്കണം.

കോവിഡ്‌ പ്രതിരോധ നടപടികൾ ഏറ്റവും സുതാര്യമായാണ്‌ നടന്നുവരുന്നത്‌. കേരളം സ്വീകരിച്ചത്‌ പോലുള്ള ഒരു നടപടിയും കോൺഗ്രസ്‌ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പോലും ഉണ്ടായിട്ടില്ല. ജനങ്ങൾക്കിടയിൽ സർക്കാരിന്‌ കിട്ടിയ സ്വീകാര്യതയാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ ഉറക്കം കെടുത്തുന്നത്‌. ഇതിൽ വിറളി പൂണ്ടാണ്‌ വസ്‌തുതാ വിരുദ്ധമായ ആക്ഷേപങ്ങളുമായി വന്നിരിക്കുന്നത്‌. ഈ സമീപനം തിരുത്തി ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസ്‌ നേതൃത്വം സ്വയം അപഹാസ്യരാകുമെന്ന്‌ വിജയരാഘവൻ പറഞ്ഞു.

Next Story

RELATED STORIES

Share it