Kerala

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി ഏകാധിപത്യപരം;പൊതുസമൂഹം പ്രതിഷേധിക്കണമെന്ന് മാണി സി കാപ്പന്‍

ലക്ഷദ്വീപ് നിവാസികളുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള പ്രക്ഷോഭത്തിന് എന്‍സികെ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചതായി മാണി സി കാപ്പന്‍ എംഎല്‍എയും ജനറല്‍ സെക്രട്ടറി പ്രദീപ് പാറപ്പുറവും അറിയിച്ചു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി ഏകാധിപത്യപരം;പൊതുസമൂഹം പ്രതിഷേധിക്കണമെന്ന് മാണി സി കാപ്പന്‍
X

കൊച്ചി:ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തി മായ പ്രതിഷേധം പൊതു സമുഹത്തില്‍ ഉയര്‍ന്ന് വരണമെന്ന് എന്‍സികെ സംസ്ഥാന പ്രസിഡന്റ് മാണി സി കാപ്പന്‍ എംഎല്‍എ.

ലക്ഷദ്വീപില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പോലും നോക്ക് കുത്തിയാക്കി അഡ്മിനിസ്ട്രേറ്റര്‍ ദ്വീപ് സമൂഹത്തെ ഭയപ്പാടിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കേരള സമൂഹത്തിന്റെ സഹോദരങ്ങളാണ് ദ്വീപില്‍ ഉള്ളത്. അവരെ അടിച്ചമര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്നത്.തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മല്‍സ്യജീവനക്കാരുടെ ഷെഡ്ഡുകളെല്ലാം പൊളിച്ചു മാറ്റുകയും, ടൂറിസം വകുപ്പില്‍ നിന്ന് ഒരു കാരണവുംമില്ലാതെ 190 ജീവനക്കാരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. ഗവണ്‍മെന്റ് സര്‍വ്വീസിലെ തദ്ദേശീയരായ മുഴുവന്‍ താത്ക്കാലിക ജീവനക്കാരേയും അഡ്മിനിസ്ട്രേറ്റര്‍ ഒഴിവാക്കി.

അങ്കണവാടികള്‍ അടച്ചുപൂട്ടി, മദ്യ ഉപയോഗം ജനവാസ മേഖലയില്‍യില്ലാത്ത ലക്ഷദ്വീപില്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകള്‍ തുറക്കുകയും, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കുകയും, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മരിക്കുന്നവര്‍ക്ക് രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിയമം കൊണ്ടുവരികയും ചെയ്തിരിയ്ക്കുന്നു.ജില്ലാ പഞ്ചായത്തിന് കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ ജനാധിപത്യവിരുദ്ധമായ ഇടപെടല്‍ നടത്തി അധികാരം കവര്‍ന്നെടുക്കുകയും ചെയ്യുന്നുവെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

സിഎഎ,എന്‍ആര്‍സിയ്ക്കെതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദ്വീപില്‍ നിന്നെടുത്ത് മാറ്റുകയും, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത ജയിലുകളും പോലീസ് സ്റ്റേഷനുമെല്ലാം ഒഴിഞ്ഞു കിടക്കുന്ന മാതൃകാപ്രദേശമായ ലക്ഷദ്വീപില്‍ അനാവശ്യമായി ഗുണ്ടാ ആക്ട് നടപ്പിലാക്കുകയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.ലക്ഷദ്വീപിന് ഏറ്റവും അധികം ബന്ധമുണ്ടായിരുന്ന ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം വിച്ഛേദിക്കാനും, ഇനിമുതല്‍ ചരക്ക് നീക്കവും മറ്റും ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലെ മംഗലാപുരം തുറമുഖം വഴിയാകണമെന്ന് നിര്‍ബന്ധിക്കാനും തുടങ്ങി.

ലക്ഷദ്വീപുകാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍വരെ ഭരണകൂട കൈകടത്തല്‍ ഉണ്ടാകുന്നു. ഭരണനിര്‍വ്വഹണ സംവിധാനങ്ങളില്‍ നിന്ന് ദ്വീപ് നിവാസികളെ തുടച്ചു നീക്കിക്കൊണ്ടുള്ള ഏകാധിപത്യ നീക്കമാണ് അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്നതെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എല്‍ഡിഎആര്‍ വഴി ലക്ഷദ്വീപിലെ ഭൂസ്വത്തുക്കളുടെ മേലുള്ള ദ്വീപുവാസികളുടെ അവകാശം ഇല്ലാതാക്കാനുമുള്ള നടപടി ആരംഭിച്ചു. മാത്രമല്ല ഈ മഹാമാരി കാലത്ത് മറൈന്‍ വൈല്‍ഡ് ലൈഫ് വാച്ചേഴ്സിനെ കാരണമില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ഈ വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ലക്ഷദ്വീപ് നിവാസികളുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള പ്രക്ഷോഭത്തിന് എന്‍സികെ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചതായി മാണി സി കാപ്പന്‍ എംഎല്‍എയും ജനറല്‍ സെക്രട്ടറി പ്രദീപ് പാറപ്പുറവും അറിയിച്ചു

Next Story

RELATED STORIES

Share it