Kerala

കുട്ടനാട് വികസനം: മേല്‍നോട്ടത്തിനായി ഏകോപന സമിതി

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി നിര്‍വഹണ പുരോഗതി കൃത്യമായി വിലയിരുത്തുകയും ഇനിയും ആവശ്യമുള്ള പദ്ധതികള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന ചുമതല ജില്ലാതല സമിതിക്കായിരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു

കുട്ടനാട് വികസനം: മേല്‍നോട്ടത്തിനായി ഏകോപന സമിതി
X

ആലപ്പുഴ: കുട്ടനാട് മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാതലത്തില്‍ ഏകോപന സമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ വികസന കമ്മീഷണര്‍ കണ്‍വീനറുമായുള്ള സമിതിയില്‍ കുട്ടനാട് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ അംഗങ്ങളാണ്. കുട്ടനാടിന്റെ സമഗ്ര വികസനവും തുറവൂര്‍, അരൂര്‍, മേഖലകളില്‍ വേലിയേറ്റം മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി പ്രസാദ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മങ്കൊമ്പ് നെല്ലു ഗവേണഷ കേന്ദ്രത്തിലായിരുന്നു യോഗം.നിലവില്‍ 745 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കുട്ടനാട്ടിലും സമീപ മേഖലകളിലുമായി നടപ്പാക്കിവരുന്നത്. ഈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി നിര്‍വഹണ പുരോഗതി കൃത്യമായി വിലയിരുത്തുകയും ഇനിയും ആവശ്യമുള്ള പദ്ധതികള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന ചുമതല ജില്ലാതല സമിതിക്കായിരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.എല്ലാ മാസവും സമിതി യോഗം ചേര്‍ന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്തും. ഓരോ വകുപ്പുകളും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൃതമായ സമയക്രമം ഉണ്ടായിരിക്കണം.

മൂന്നു മാസത്തില്‍ ഒരിക്കല്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. കുട്ടനാട് മേഖല നേരിടുന്ന എല്ലാ പ്രധാന പ്രശ്‌നങ്ങള്‍ക്കും അടുത്ത നാലര വര്‍ഷത്തിനുള്ളില്‍ ജനപങ്കാളിത്തത്തോടെ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇവിടുത്തെ ഇടത്തോടുകളുടെ പട്ടിക തയ്യാറാക്കണം. തൊഴിലുറപ്പ് തൊഴിലാളികളുടെയും കര്‍ഷകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കി തോടുകള്‍ ആഴം കൂട്ടി സംരക്ഷിക്കണം.ബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനുള്ള പദ്ധതി നിര്‍ദേശം കുട്ടനാട് എം.എല്‍.എയുടെ നേതൃത്വത്തില്‍ തയ്യാറാക്കണം. കനാലുകളുടെ നവീകരണം സംബന്ധിച്ച പദ്ധതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആവിഷ്‌കരിക്കണം. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യണം.

നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ച് റോഡ് ടാറിംഗിന് ഉപയോഗിക്കുന്നതിന് പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം.തോട്ടപ്പള്ളി സ്പില്‍വേയില്‍ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഈ സീസണില്‍ തന്നെ പൂര്‍ത്തീകരിക്കണം. സ്പില്‍വേയില്‍ നൂതന ഷട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത ജലസേചന വകുപ്പ് പരിശോധിക്കണം. കുട്ടനാട്ടിലെ പല റോഡുകളും ശോചനീയാവസ്ഥയിലാണ്. റോഡുകള്‍ ഏറ്റെടുത്ത് ഉയരം കൂട്ടി നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണം. കുട്ടനാട് കുടിവെള്ള പദ്ധതിക്കു വേണ്ടിയുള്ള ഭൂമി കൈമാറ്റ നടപടികള്‍ ജനുവരിയില്‍ പൂര്‍ത്തീകരിക്കുന്നതിനും അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

ചേര്‍ത്തല, അരൂര്‍ മേഖലയിലെ ജനങ്ങള്‍ വേലിയേറ്റം മൂലം നേരിടുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് കൃഷി, ജലസേചനം, ഫിഷറീസ് വകുപ്പുകള്‍ കൂട്ടായ പരിശ്രമം നടത്തണം. ആവശ്യമെങ്കില്‍ വിദഗ്ധരുടെ സേവനം തേടണം. ഈ മേഖലയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. എറെ വെല്ലുവിളകളെ അതിജീവിച്ച് കാര്‍ഷിക വൃത്തി ചെയ്യുന്ന കുട്ടനാട്ടിലെ കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണനയുണ്ടെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പദ്ധതികളുടെ നിര്‍വഹണത്തില്‍ നിലവിലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും നിയമാനുസൃത അനുമതികള്‍ ലഭിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി ഉറപ്പാക്കണം.

ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ മേല്‍നോട്ടം കുട്ടനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുട്ടനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജാഗ്രത പുലര്‍ത്തണെമന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. കൈനകരി മേഖലയിലെ മൂന്ന് പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണത്തിന് 12.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം ഇതിന്റെ നിര്‍മാണ നടപടികള്‍ തുടങ്ങാനാകണം. മടവീഴ്ച്ച മൂലം കൃഷി ചെയ്യാന്‍ കഴിയാത്ത കനകാശ്ശേരി പാടശേഖരത്തില്‍ താത്കാലിക ബണ്ട് നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കണം. സ്ഥിരം ബണ്ടിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണം അദ്ദേഹം പറഞ്ഞു.

എംഎല്‍മാരായ തോമസ് കെ തോമസ്, ദലീമ ജോജോ, ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ വികസന കമ്മീഷണര്‍ കെ എസ് അഞ്ജു, സബ് കലക്ടര്‍ സൂരജ് ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തിനു മുന്‍പ് മന്ത്രിമാരായ പി പ്രസാദും റോഷി അഗസ്റ്റിനും കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി. മടവീഴ്ച്ചയെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെയായി കൃഷി നടത്താന്‍ കഴിയാതെ ദുരിതത്തിലായ കര്‍ഷകരെ നേരില്‍ കണ്ട് സംസാരിച്ചു. തോമസ് കെ തോമസ് എംഎല്‍എ, ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍, ജില്ലാ വികസന കമ്മീഷണര്‍ കെ എസ് അഞ്ജു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശ സി ഏബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it