Kerala

കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ് പൂര്‍ത്തിയായി

കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ് പൂര്‍ത്തിയായി
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'വിശപ്പ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂര്‍ത്തിയായതായി മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇവയുടെ പ്രവര്‍ത്തനക്ഷമതയും നിലവാരവും മെച്ചപ്പെടുത്തി മികവിന്റെ അടുത്തഘട്ടത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ഗ്രേഡിങ്ങിലൂടെ ലക്ഷ്യമിടുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയുമായി സഹകരിച്ചാണ് ഗ്രേഡിങ്ങിനാവശ്യമായ സൂചികകള്‍ തയ്യാറാക്കിയത്.

ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്റെ ഗുണമേന്‍മ, പ്രവര്‍ത്തന സമയം, പ്രതിമാസ വിറ്റുവരവ്, സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെയും ചുറ്റുപാടുകളുടെയും അവസ്ഥ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ്ങ് പൂര്‍ത്തീകരിച്ചത്. 266 ജനകീയ ഹോട്ടലുകള്‍ എപഌസ് ഗ്രേഡും 359 എണ്ണം 'എ' ഗ്രേഡും 285 എണ്ണം 'ബി' ഗ്രേഡും 185 എണ്ണം 'സി' ഗ്രേഡും നേടി. ഉയര്‍ന്ന ഗ്രേഡിങ് നേടാന്‍ കഴിയാതിരുന്ന ജനകീയ ഹോട്ടലുകള്‍ നടത്തുന്ന സംരംഭകര്‍ക്ക് അത് ലഭ്യമാക്കുന്നതിന് ആവശ്യമായ പരിശീലനങ്ങളും സാമ്പത്തിക സഹായമടക്കമുള്ള പിന്തുണയും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രതിദിനം 1.80 ലക്ഷം ഉച്ചയൂണ് വരെ ജനകീയ ഹോട്ടലുകളില്‍ നടക്കുന്നു. ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയില്‍, പ്രാദേശിക സാധ്യതയ്ക്കനുസരിച്ച് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിലൂടെ കാന്റീന്‍, കാറ്ററിങ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വനിതകള്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരാനും വരുമാനം നേടാനും അവസരമൊരുങ്ങും.

പദ്ധതിക്കായി 202021 സാമ്പത്തിക വര്‍ഷം അനുവദിച്ച 23.64 കോടി രൂപ പൂര്‍ണമായും വിനിയോഗിച്ചു. ഈ വര്‍ഷം അനുവദിച്ച 20 കോടിയില്‍ 18.20 കോടി രൂപ സബ്‌സിഡിയും റിവോള്‍വിങ് ഫണ്ടുമായി സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ട്. പദ്ധതിയിലൂടെ 4895 കുടുംബശ്രീ വനിതകള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it