Kerala

നടക്കുന്നത് വ്യാജപ്രചാരണം; രാഷ്ട്രീയമായും നിയമപരമായും നേരിടും കെ എം അഭിജിത്ത്

സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ രാഷ്ട്രീയപക തീര്‍ക്കുകയാണ്. അതിനെ നിയമപരമായും, രാഷട്രീയ പരമായും നേരിടുമെന്നും അഭിജിത്ത് അറിയിച്ചു.

നടക്കുന്നത് വ്യാജപ്രചാരണം; രാഷ്ട്രീയമായും നിയമപരമായും നേരിടും കെ എം അഭിജിത്ത്
X
തിരുവനന്തപുരം: തനിക്കെതിരേ നടക്കുന്നത് വ്യാജ പ്രചാരണം ആണെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞദിവസം ഞാന്‍ പരിശോധനയ്ക്ക് വിധേയനായിരുന്നു. സഹഭാരവാഹി ബാഹുല്‍ കൃഷ്ണയ്‌ക്കൊപ്പമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ആറുദിവസമായി തിരുവനന്തപുരത്ത് സെല്‍ഫ് ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ പോത്തന്‍കോട് പഞ്ചായത്തില്‍ നടന്ന പരിശോധനയിയിലാണ് പങ്കെടുത്തത്. എന്റെ നാട് കോഴിക്കോട് ആയതിനാലും, ബാഹുല്‍കൃഷ്ണയുടെ സ്വന്തം നാടായതിനാലും ആരോഗ്യവകുപ്പില്‍ ഉള്‍പ്പെടെ അറിയിച്ച്, ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ നടത്തിയത് ബാഹുല്‍ തന്നെയാണ്. പരിശോധന സമയത്ത് ഇവിടുത്തെ മേല്‍വിലാസം കൃത്യമായി അറിയാത്തതിനാല്‍ അതും പറഞ്ഞുകൊടുത്തത് ബാഹുല്‍ ആണ്. എല്ലാവരെയും പോലെ തന്നെ പേരും, വിലാസവും, ഫോണ്‍ നമ്പറും നല്‍കി മടങ്ങി. ഉച്ചകഴിഞ്ഞ് റിസള്‍ട്ട് വന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആണ് വിളിച്ചു പറഞ്ഞത്. അവര്‍ ഞാന്‍ താമസിക്കുന്ന ഇടത്ത് വരികയും വലിയ പ്രയാസം ഇല്ലെങ്കില്‍ ഇവിടെ തന്നെ തുടരാനും ആശുപത്രി വേണ്ടതില്ലെന്നും പറഞ്ഞു. ബാഹുല്‍ കൃഷ്ണയ്ക്ക് നെഗറ്റീവ് ആയിരുന്നു.

കൊവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞ ഉടനെ ഞാന്‍ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഞാന്‍ നേരിട്ടും സുഹൃത്തുക്കള്‍ അല്ലാതെയും ഞാനുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും വാട്‌സ്ആപ്പ് വഴിയും ഫോണ്‍ ചെയ്തും അറിയിക്കാന്‍ തുടങ്ങി. ഇതിനിടെയാണ്, ഞാന്‍ വ്യാജ പേര് നല്‍കിയെന്നും എന്നെ കണ്ടെത്താന്‍ കഴിയാതെ കുഴയുന്നുവെന്നും പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതിപെട്ടതായ വാര്‍ത്ത പരന്നത്. രാത്രിയില്‍ ഒരു ചാനലില്‍ നിന്ന് തത്സമയം വിളിച്ചപ്പോള്‍ മേല്‍പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ വിശദീകരിച്ചത്. അതിനിടെ അവതാരകന്‍ ചോദിച്ചു കെ.എം അഭിജിത്ത് എന്ന പേര് എങ്ങിനെയാണ് അഭി എന്ന് മാത്രമായത് എന്ന്. അതിന് വ്യക്തമായ മറുപടി നല്‍കാന്‍ അപ്പോള്‍ എനിക്കില്ലായിരുന്നു. കാരണം ഞാന്‍ ഒരു ഫോമും പൂരിപ്പിച്ചു നല്‍കിയിട്ടില്ല, ഞാന്‍ അല്ല എന്റെ മേല്‍വിലാസം ഉള്‍പ്പെടെ നല്‍കിയതും. അതുകൊണ്ട് ഒരു ഊഹം എന്ന നിലയില്‍ 'ഒരുപക്ഷെ ഒരു സെന്‍സേഷണല്‍ ആകണ്ട' എന്ന് കരുതിയാവും അങ്ങനെ നല്‍കിയതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെ ഞാന്‍ ബഹുലിനെ വിളിച്ചു. 'നീ പേര് തെറ്റിച്ചാണോ നല്‍കിയത്' എന്ന് ചോദിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നല്‍കേണ്ട കാര്യം എന്താണ്? അങ്ങനെ എങ്കില്‍ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകള്‍ നല്‍കിയാല്‍ മതിയായിരുന്നില്ലേ? അതും പോരാഞ്ഞിട്ട് അവിടെ വച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലര്‍ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നല്‍കുന്നത്? അത് അവരുടെ ഭാഗത്ത് വന്ന ക്ലറിക്കല്‍ മിസ്‌റ്റേക്ക് ആകും എന്നാണ് ബഹുല്‍ പറഞ്ഞത്. അത് തന്നെയാണ് ഞാനും വിശ്വസിച്ചത്. ഇത്രയുമാണ് ഇന്നലെ സംഭവിച്ചത്. അഭിജിത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇനിയുള്ള കാര്യങ്ങളില്‍ എനിക്ക് ചില സംശയങ്ങള്‍ ഉണ്ട്. കൊവിഡ് പോസിറ്റിവ് ആണെന്ന് എന്നെ വിളിച്ച് അറിയിക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ താമസസ്ഥലത്ത് വന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തശേഷമാണ് എന്നെ കണ്ടെത്താന്‍ പറ്റുന്നില്ല എന്ന പരാതി ഉയര്‍ന്നുവരുന്നത്. അതായത് ഞാന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആണെന്ന് അറിഞ്ഞ ശേഷമുള്ള ഇടപെടല്‍ ആണ്. അതിന് വ്യാജ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിങ്ങനെ കുറെ പദങ്ങളും അവര്‍ ഉപയോഗിച്ചു. ഇത് ദുരുദ്ദേശ്യപരമല്ലാതെ മറ്റെന്താണ്? പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് വ്യാജ വിലാസവും, നമ്പറും നല്‍കി എന്നാണ്. എന്ത് അസംബന്ധമാണത്. ശരിയായ നമ്പറും വിലാസവും ആയതുകൊണ്ടല്ലേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്നെ കാണാന്‍ പറ്റിയത്.

ബാഹുലിന്റേയും ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയത്. അത് ആര്‍ക്കും പരിശോധിക്കാം.

ആള്‍മാറാട്ടം നടത്തി എന്നാണ് ചില മാധ്യമങ്ങള്‍ എന്നില്‍ ചാര്‍ത്തുന്ന കുറ്റം. ആരെയോ സ്വാധീനിച്ച് പേര് മാറ്റിനല്‍കി എന്ന പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദത്തിനാണ് പ്രാധാന്യം. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള സമയമായതിനാല്‍ മാത്രമാണ് എനിക്ക് നേരിട്ട് ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയാത്തത്. രോഗംമാറി തിരിച്ചുവരുന്ന മുറയ്ക്ക് എല്ലാ കാര്യങ്ങളിലും വിശദീകരണം തരാന്‍ എനിക്ക് യാതൊരു പ്രയാസവുമില്ല. തലയില്‍ മുണ്ടിട്ടു കൊവിഡ് ടെസ്റ്റിന് എന്നല്ല ഒന്നിനും പോകുന്നവരല്ല കേരള വിദ്യാര്‍ത്ഥി യൂണിയന്റെ നേതാക്കളും, പ്രവര്‍ത്തകരും. വെളുപ്പാന്‍ കാലത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ചിലര്‍ തലയില്‍ മുണ്ടിട്ടുപോയതിന്റെ ജാള്യത മറയ്ക്കാന്‍ മന്ത്രിമാരും, മുഖ്യമന്ത്രിയും ഇന്നു നടത്തിയ പ്രസ്താവനകള്‍ മതിയാവില്ല.


1. ഞാന്‍ വേഷം മാറിയില്ല കൊവിഡ് ടെസ്റ്റിന് പോയത്.

2. സ്വന്തം പേര് തന്നെയാണ് സഹപ്രവര്‍ത്തകനായ ബഹുല്‍ കൃഷ്ണ പറഞ്ഞു കൊടുത്തത്.

3. വ്യാജമായി ഒരു രേഖയും നല്‍കിയിട്ടില്ല

4. കൊവിഡ് രോഗം സ്ഥിരീകരിച്ച ശേഷം മറച്ചുവച്ചിട്ടില്ല

5. ക്വാറന്റീന്‍ ഉള്‍പ്പെടെ കൊവിഡ് പ്രോട്ടോകോള്‍ എല്ലാം പാലിച്ചിട്ടുണ്ട്.

നമ്മുടെ പോരാട്ടം കൊവിഡ് രോഗികള്‍ക്ക് എതിരെയല്ല രോഗത്തിന് എതിരെയാണ് എന്നത് പരസ്യവാചകം മാത്രമാകരുത്. ഇന്നലെ മുതല്‍ എനിക്കുള്ള ശരീരിക ബുദ്ധിമുട്ടുകളേക്കാള്‍ വലുതാണ് ഈ മാനസിക പീഡനം. രോഗിയാണെന്ന പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല ഏതൊക്കെ നിലയിലാണ് ആക്ഷേപം. ജനപക്ഷത്തു നില്‍ക്കുന്നവരെ മരണത്തിന്റെ വ്യാപാരികള്‍ എന്നു വിളിച്ചതിന്റെ തുടര്‍ച്ചയാണിത്. കേരളജനത എല്ലാം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. അഭിജിത്ത് പറഞ്ഞു.

എനിക്കെതിരെ ഇല്ലാത്ത കുറ്റങ്ങളെല്ലാം ചേര്‍ത്ത് കേസ് എടുത്തതായി വാര്‍ത്തകള്‍ കാണുന്നുണ്ട്. അതില്‍ അത്ഭുതം ഒട്ടുമില്ല, ലെവലേശം ഭയവും. ഈ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ രാഷ്ട്രീയപക തീര്‍ക്കുകയാണ്. അതിനെ നിയമപരമായും, രാഷട്രീയ പരമായും നേരിടുമെന്നും അഭിജിത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it