Kerala

ജ്വലിക്കുന്ന ഓര്‍മയായി കെപിഎസി ലളിത; വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ അന്ത്യനിദ്ര

ജ്വലിക്കുന്ന ഓര്‍മയായി കെപിഎസി ലളിത; വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ അന്ത്യനിദ്ര
X

തൃശൂര്‍: അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിത ജ്വലിക്കുന്ന ഓര്‍മയായി. വൈകീട്ട് ആറ് മണിയോടെ തൃശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ഓര്‍മ വീട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതയ്ക്ക് തീ പകര്‍ന്നു. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ ഓര്‍മ എന്ന വീട്ടില്‍ എത്തിച്ചത്. ഇവിടെയും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. വന്‍ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്.

മണിയന്‍പിള്ള രാജു, അലന്‍സിയര്‍, ടിനി ടോം, ഇടവേള ബാബു, കവിയൂര്‍ പൊന്നമ്മ, സംവിധായകന്‍ ജയരാജ് തുടങ്ങി സിനിമയിലെ നിരവധി സഹപ്രവര്‍ത്തകരും നാടകത്തിലെ സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി 10.45 ഓടെയായിരുന്നു ലളിതയുടെ അന്ത്യം. മകന്‍, നടനും സംവിധായകനുമായി സിദ്ധാര്‍ഥ് ഭരതന്റെ കൊച്ചി തൃപ്പൂണിത്തുറയിലെ ഫഌറ്റിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സന്‍ ആയിരിക്കേയായിരുന്നു മരണം. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെപിഎസി ലളിത ജനിച്ചത്.

മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്.നാലു സഹോദരങ്ങള്‍. രാമപുരം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍, ചങ്ങനാശേരി വാര്യത്ത് സ്‌കൂള്‍, പുഴവാത് സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. മലയാളത്തിലും തമിഴിലുമായി 550ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുപ്രാവശ്യവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുപ്രാവശ്യവും സ്വന്തമാക്കി. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സനായിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

Next Story

RELATED STORIES

Share it