പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്: പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

മാവോവാദി ബന്ധം സ്ഥാപിക്കുന്നതിനായി അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും വീടുകളില്‍നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖകളുമാണ് ചൊവ്വാഴ്ച പോലിസ് കോടതിയില്‍ ഹാജരാക്കിയത്.

പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്: പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ യുഎപിഎ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കോടതി കേട്ടിരുന്നു. മാവോവാദി ബന്ധം സ്ഥാപിക്കുന്നതിനായി അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും വീടുകളില്‍നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖകളുമാണ് ചൊവ്വാഴ്ച പോലിസ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, പോലിസിന്റെ കൈയിലുള്ള തെളിവുകളൊന്നും യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

നിരപരാധികളെയാണ് പോലിസ് അറസ്റ്റുചെയ്തിരിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികള്‍ക്ക് നിരോധിതസംഘടനകളുമായി ഒരു ബന്ധവുമില്ല. പോലിസ് ഹാജരാക്കിയ തെളിവുകള്‍ വിപണിയില്‍ വര്‍ഷങ്ങളായി ലഭ്യമായതാണ്. പിടിയിലായവര്‍ ഏതുദിവസും കോടതിയില്‍ ഹാജരാവാന്‍ തയ്യാറാണെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. യുഎപിഎ വിഷയത്തില്‍ സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും നിര്‍ദേശമുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നുമില്ലെന്നും നിലവില്‍ യുഎപിഎ ചുമത്തി തന്നെയാണുള്ളതെന്നും പ്രോസിക്യൂട്ടര്‍ എം കെ ജയകുമാര്‍ മറുപടി നല്‍കി.

അഡ്വ.എം കെ ദിനേശനാണ് പ്രതികള്‍ക്കുവേണ്ടി ഹാജരായത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാത്തത് സഹായകരമാവുമെന്നാണ് പ്രതിഭാഗം കരുതുന്നത്. എന്നാല്‍, യുഎപിഎ നിലനില്‍ക്കുമെന്നാണ് കോടതി നിരീക്ഷണമെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത അടയും. അതേസമയം, താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടിരക്ഷപ്പെട്ട മൂന്നാമനായി പോലിസ് തിരച്ചില്‍ തുടരുകയാണ്.

RELATED STORIES

Share it
Top