Kerala

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ആധുനികസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മികച്ച നിലവാരത്തിലാക്കും: മന്ത്രി കെ കെ ശൈലജ

മലബാറിലെ താലൂക്കാശുപത്രികളില്‍ ആദ്യത്തെ സിടി സ്‌കാന്‍ മെഷീനാണ് കൊയിലാണ്ടിയിലേത്. മൂന്നുകോടി രൂപ ചെലവിലാണ് സിടി സ്‌കാന്‍ സൗകര്യം സജ്ജമാക്കിയത്.

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ആധുനികസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മികച്ച നിലവാരത്തിലാക്കും: മന്ത്രി കെ കെ ശൈലജ
X

കോഴിക്കോട്: കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മികച്ച നിലവാരത്തിലാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സിടി സ്‌കാനും എന്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് ആധുനികവല്‍ക്കരിച്ച കാഷ്വാലിറ്റിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലബാറിലെ താലൂക്കാശുപത്രികളില്‍ ആദ്യത്തെ സിടി സ്‌കാന്‍ മെഷീനാണ് കൊയിലാണ്ടിയിലേത്. മൂന്നുകോടി രൂപ ചെലവിലാണ് സിടി സ്‌കാന്‍ സൗകര്യം സജ്ജമാക്കിയത്. പുതിയ ആശുപത്രി കെട്ടിടത്തിന് 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

കെട്ടിടംപണി വേഗത്തില്‍ പൂര്‍ത്തിയാക്കാനാവശ്യമായ ശ്രമം നടത്തും. സ്വപ്‌നസമാനമായ വികസനമാണ് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ നടക്കുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ മാനിച്ചുകൊണ്ടുള്ള വികസനമാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും സൗകര്യങ്ങള്‍ വര്‍ധിച്ചു. ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളുടെ കൂടുതല്‍ സൗകര്യത്തിനായി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

കൊവിഡ് വ്യാപന കാലത്ത് പുതിയ ആരോഗ്യവളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നടത്തേണ്ട സാഹചര്യമുണ്ട്. കൊവിഡ് സമ്പര്‍ക്ക വ്യാപനം തടയാന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. സമ്പര്‍ക്കവ്യാപനം നാലാംഘട്ടത്തിലേക്ക് കടക്കുന്നത് തടയാന്‍ അതീവജാഗ്രത പുലര്‍ത്തണം. കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ പ്രധാന്യം ലഭിച്ചു കഴിഞ്ഞു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാ മാനസികപിന്തുണയും പൊതുജനങ്ങള്‍ക്കിടയില്‍നിന്ന് വേണമെന്നും മന്ത്രി പറഞ്ഞു.

കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചജില്ലാ കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, സ്ഥിരം സമിതി അംഗം വി സുന്ദരന്‍ മാസ്റ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ എ നവീന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി കെ സലീന, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി പ്രതിഭ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it