Kerala

പരോളില്‍ ഇറങ്ങി ക്വട്ടേഷന്‍; ടിപി കേസ് പ്രതി കൊടിസുനി അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്തിനായി കൊടിസുനിയും സംഘവും ഗള്‍ഫിലേക്കയച്ച റാഷിദെന്ന യുവാവ് ഡിസംബര്‍ എട്ടിന് തിരികെയെത്തി. രഹസ്യഭാഗത്ത് ഒളിപ്പിച്ച് എത്തിച്ച സ്വര്‍ണവുമായി കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് ട്രെയിന്‍ യാത്രക്കിടെ 14 ലക്ഷം വില വരുന്ന സ്വര്‍ണ്ണം നഷ്ടമായി.

പരോളില്‍ ഇറങ്ങി ക്വട്ടേഷന്‍; ടിപി കേസ് പ്രതി കൊടിസുനി അറസ്റ്റില്‍
X

കണ്ണൂര്‍: പരോളിനിറങ്ങി സ്വര്‍ണക്കടത്തുകാരുടെ ക്വട്ടേഷന്‍ എടുത്ത ടി പി വധക്കേസ് പ്രതി കൊടി സുനി അറസ്റ്റില്‍. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. യുവാവിന്റെ കൈയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാന്‍ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിനെ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ചതായും പരാതിയുണ്ട്.

സ്വര്‍ണ്ണക്കടത്തിനായി കൊടിസുനിയും സംഘവും ഗള്‍ഫിലേക്കയച്ച റാഷിദെന്ന യുവാവ് ഡിസംബര്‍ എട്ടിന് തിരികെയെത്തി. രഹസ്യഭാഗത്ത് ഒളിപ്പിച്ച് എത്തിച്ച സ്വര്‍ണവുമായി കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് ട്രെയിന്‍ യാത്രക്കിടെ 14 ലക്ഷം വില വരുന്ന സ്വര്‍ണ്ണം നഷ്ടമായി. ഈ പണം തിരികെക്കിട്ടാന്‍ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തിയതാണ് കേസ്. അന്ന് കൊടിസുനിയുടെ സംഘാംഗങ്ങള്‍ ഭീഷണി നടത്തിയിരുന്നു.

യുവാവിന്റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയാണ് മര്‍ദ്ദിച്ചത്. തടവില്‍ രക്ഷപ്പെട്ടെങ്കിലും വീട്ടിലെത്തിയും ഭീഷണി തുടര്‍ന്നു. ഇവരുടെ ഉമ്മ നല്‍കിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ കേസില്‍ മറ്റ് മൂന്ന് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. സജീര്‍, സമീര്‍, പ്രകാശ് എന്നിവരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ട്.




Next Story

RELATED STORIES

Share it