Kerala

കൊച്ചി വാട്ടര്‍ മെട്രോ: സര്‍ക്കാരിന് 74 ശതമാനം വിഹിതം; ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി വാട്ടര്‍ മെട്രോ: സര്‍ക്കാരിന് 74 ശതമാനം വിഹിതം; ധാരണാപത്രം ഒപ്പുവച്ചു
X

തിരുവനന്തപുരം: കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കൊച്ചി മെട്രോയും ധാരണാപത്രം ഒപ്പുവച്ചു. കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോയ്ക്ക് 26 ശതമാനവും വിഹിതമാവുമുണ്ടാവുക. ചീഫ് സെക്രട്ടറി ഡോ.വി പി ജോയിയും കൊച്ചി മെട്രോ എംഡി കെ ആര്‍ ജ്യോതിലാലുമാണ് ധാരണാപത്രം ഒപ്പുവച്ചത്.

കൊച്ചി വാട്ടര്‍ മെട്രോയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ എട്ട് അംഗങ്ങളായിരിക്കുമുണ്ടാവുക. ഇതില്‍ അഞ്ചുപേര്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവരായിരിക്കും. മെട്രോ സ്‌റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, ബോട്ടു ജെട്ടികള്‍ എന്നിവയെ ബന്ധിപ്പിച്ചായിരിക്കും വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുക. വാട്ടര്‍ മെട്രോയ്ക്ക് 38 ജെട്ടികളുണ്ടാവും. കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 ബോട്ടുകള്‍ സര്‍വീസ് നടത്തും.

23 എസി ഇലക്ട്രിക് ബോട്ടുകളുടെ നിര്‍മാണം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പുരോഗമിക്കുകയാണ്. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെഎഫ്ഡബ്ല്യു ആണ് പദ്ധതിക്കാവശ്യമായ തുക നല്‍കുന്നത്. വാട്ടര്‍ മെട്രോയുടെ വൈറ്റിലയിലും കാക്കനാടുമുള്ള ടെര്‍മിനലുകള്‍ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു.

വാട്ടര്‍ മെട്രോ ഗതാഗത സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള മുഴുവന്‍ ഉത്തരവാദിത്തവും അധികാരവും കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിനാവുമുണ്ടാവുക. കൊച്ചി മെട്രോ റെയിലിന് പിന്നാലെ വാട്ടര്‍ മെട്രോ കൂടി യാഥാര്‍ഥ്യമാവുന്നതോടെ കൊച്ചിയില്‍ പൊതുഗതാഗത സംവിധാനത്തില്‍ വലിയ കുതിച്ചുകയറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it