Kerala

എട്ടുമാസമായിട്ടും തൊപ്പിക്കാര്യത്തില്‍ തീരുമാനമാവാതെ കേരള പോലിസ്

എല്ലാ പോലിസുകാര്‍ക്കും ബറേ തൊപ്പി ധരിക്കാമെന്ന് പോലിസ് സ്റ്റാഫ് കൗണ്‍സില്‍ ശുപാര്‍ശ നല്‍കിയിട്ട് എട്ടുമാസം കഴിഞ്ഞു.

എട്ടുമാസമായിട്ടും തൊപ്പിക്കാര്യത്തില്‍ തീരുമാനമാവാതെ കേരള പോലിസ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസുകാരുടെ തൊപ്പി ഏകീകൃതമാക്കാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. എല്ലാ പോലിസുകാര്‍ക്കും ബറേ തൊപ്പി ധരിക്കാമെന്ന് പോലിസ് സ്റ്റാഫ് കൗണ്‍സില്‍ ശുപാര്‍ശ നല്‍കിയിട്ട് എട്ടുമാസം കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ മേയ് മാസത്തില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് എല്ലാ പോലിസുകാര്‍ക്കും ഒരേ തൊപ്പി നല്‍കാന്‍ തീരുമാനിച്ചത്. പീ ക്യാപ്പുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെന്നുകാണിച്ച് പോലിസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡിജിപിക്ക് അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാഫ് കൗണ്‍സില്‍ യോഗം എല്ലാവര്‍ക്കും ഒരേ തൊപ്പിയാക്കാം എന്ന തീരുമാനത്തിലെത്തിയത്.

ഡ്രൈവര്‍മാരും എസ്പി റാങ്കിനു മുകളിലുള്ള പോലിസുദ്യോഗസ്ഥരുമാണ് ഇപ്പോള്‍ ബറേ തൊപ്പികള്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ ഡിജിപി മുതല്‍ സിവില്‍ പോലിസ് ഓഫീസര്‍ വരെയുള്ള തസ്തികകളിലായി 65,000ത്തോളം ഉദ്യോഗസ്ഥരുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും വ്യത്യസ്ത നിറത്തിലുള്ള ഒരേ തൊപ്പി ഉപയോഗിക്കാമെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്.

അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ബറേ തൊപ്പിയുടെ നിറത്തിന്റെ കാര്യത്തില്‍ ചില സംശയങ്ങളുണ്ടായതിനാലാണ് തൊപ്പിയുടെ കാര്യത്തില്‍ ഉത്തരവിറക്കാന്‍ വൈകിയതെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരിക്കുന്നത്.

സ്റ്റാഫ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം സിവില്‍ പോലിസ് മുതല്‍ സിഐ റാങ്ക് വരെയുള്ള പോലിസുദ്യോഗസ്ഥര്‍ക്ക് കറുപ്പ് ബറേ തൊപ്പിയും ഡിവൈഎസ്പി മുതല്‍ ഡിജിപി വരെയുള്ളവര്‍ക്ക് റോയല്‍ ബ്ലൂ തൊപ്പിയുമാണ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. പാസിങ് ഔട്ട് പരേഡ്, വിഐപികളുടെ സന്ദര്‍ശനം, മറ്റ് ഔദ്യോഗിക ചടങ്ങുകള്‍ തുടങ്ങിയവയുടെ സമയത്ത് പഴയരീതിയിലുള്ള പീ ക്യാപ്പ് തന്നെ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

പലസ്ഥലങ്ങളിലും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുമ്പോള്‍ പീ ക്യാപ്പുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. ബാഗില്‍ എടുത്തുവെക്കാനോ പോക്കറ്റില്‍ സൂക്ഷിക്കാനോ പ്രയാസമാണ്. സംഘര്‍ഷമേഖലകളിലോ ലാത്തിച്ചാര്‍ജിനിടയിലോ ആദ്യം തെറിക്കുന്നത് തലയിലുള്ള തൊപ്പിയാണ്. ചൂടുകാലങ്ങളില്‍ തലയില്‍ പീ ക്യാപ്പ് വെക്കുന്നത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് പോലിസുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it