Kerala

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല; നിലപാട് മാറ്റി പി സി ജോര്‍ജ്

കേരള ജനപക്ഷം പാര്‍ട്ടി പത്തനംതിട്ട ഉള്‍പ്പടെ ഒരു പാര്‍ലമെന്റ് സീറ്റിലും മല്‍സരിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെതിരാണ് താനെന്നും വിശ്വാസത്തെ തകര്‍ക്കുന്ന ശക്തികളെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല; നിലപാട് മാറ്റി പി സി ജോര്‍ജ്
X

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന നിലപാട് മാറ്റി കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ. കേരള ജനപക്ഷം പാര്‍ട്ടി പത്തനംതിട്ട ഉള്‍പ്പടെ ഒരു പാര്‍ലമെന്റ് സീറ്റിലും മല്‍സരിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെതിരാണ് താനെന്നും വിശ്വാസത്തെ തകര്‍ക്കുന്ന ശക്തികളെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നുള്ള കാര്യത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഉള്‍പ്പടെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പി സി ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ടയില്‍ താന്‍തന്നെ മല്‍സരിക്കുമെന്നും 1.75 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, മല്‍സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് കേരള ജനപക്ഷം പിന്‍മാറുകയാണെന്ന് പി സി ജോര്‍ജ് വ്യക്തമാക്കുകയായിരുന്നു. മല്‍സരിക്കാനില്ലെന്ന പാര്‍ട്ടിയുടെ തീരുമാനം വ്യക്തമാക്കി ഇന്ന് വൈകീട്ടോടെ കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. മതവിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാന്‍ ജനപക്ഷം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ട സമയമായെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കുശേഷം പി സി ജോര്‍ജ് ബിജെപിയുമായി കൂടുതല്‍ അടുത്തിരുന്നു.

നിയമസഭയിലടക്കം ബിജെപിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച പി സി ജോര്‍ജ്, ബിജെപിയിലേക്ക് പോവുന്നുവെന്ന വാര്‍ത്തകളും സജീവമായി. എന്നാല്‍, ഇതിനെതിരേ കേരള ജനപക്ഷം പാര്‍ട്ടിയില്‍നിന്നുതന്നെ ശക്തമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങിയത്. പിന്നീട് യുഡിഎഫുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രവേശനത്തിനായി പി സി ജോര്‍ജ് അണിയറനീക്കങ്ങള്‍ സജീവമാക്കിയതായാണ് വിവരം.

Next Story

RELATED STORIES

Share it