Top

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; മലപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ ചരടുവലികള്‍ സജീവം

നിലമ്പൂര്‍, തവനൂര്‍, പൊന്നാനി തിരിച്ചുപിടിക്കാനാവുമെന്നും വണ്ടൂര്‍ വലിയ ഭൂരിപക്ഷത്തിന് നിലനിര്‍ത്താന്‍ കഴിയുമെന്നുമാണ് എഐസിസി വിലയിരുത്തുന്നത്.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; മലപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ ചരടുവലികള്‍ സജീവം
X

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: എല്ലാ കാലത്തും സംസ്ഥാനത്തെ യുഡിഎഫ് മുന്നേറ്റത്തെ നയിക്കുന്ന മലപ്പുറത്ത് കോണ്‍ഗ്രസിന് പക്ഷേ പലപ്പോഴും അതിന്റെ നേട്ടങ്ങള്‍ ലഭിക്കാറില്ല. ഇത്തവണ കേരളത്തില്‍ യുഡിഎഫ് ഭരണമുണ്ടാകണമെങ്കില്‍ 2001 ന് സമാനമായ നൂറുശതമാനം വിജയമാണ് ജില്ലയില്‍നിന്ന് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

നിലമ്പൂര്‍, തവനൂര്‍, പൊന്നാനി തിരിച്ചുപിടിക്കാനാവുമെന്നും വണ്ടൂര്‍ വലിയ ഭൂരിപക്ഷത്തിന് നിലനിര്‍ത്താന്‍ കഴിയുമെന്നുമാണ് എഐസിസി വിലയിരുത്തുന്നത്.

നിലമ്പൂര്‍

2016ന് സമാനമായി ആര്യാടന്‍ ഷൗക്കത്തും വി വി പ്രകാശും സീറ്റിനുവേണ്ടി ജീവന്‍മരണ പോരാട്ടം നടത്തുന്നു. കെ മുരളീധരന്റെ രാഷ്ട്രീയപ്രവേശന കാലത്ത് മക്കള്‍ രാഷ്ട്രീയത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച് വലിയ കൈയടി നേടിയ ആര്യാടന്‍ മുഹമ്മദ്, വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും സ്വന്തം മകന് വേണ്ടിയുള്ള അവസാനവട്ട യുദ്ധത്തിലാണ്.

ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ പരാജയമാണെങ്കിലും നിലമ്പൂരില്‍ ഷൗക്കത്തിനെ പോലെ ജനകീയ അതൃപ്തി പ്രകാശ് നേരിടുന്നില്ലെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്. വിജയത്തിനുവേണ്ടി ദാഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അട്ടിമറിശ്രമങ്ങള്‍ വിലപ്പോവില്ലെന്ന ബോധ്യത്തില്‍ നേതൃത്വം എത്തിച്ചേരുന്ന പക്ഷം വി വി പ്രകാശ് സ്ഥാനാര്‍ഥിയായേക്കും. ഇ മുഹമ്മദ് കുഞ്ഞി, വി എസ് ജോയ് തുടങ്ങിയവരും അവസരം തേടുന്നുണ്ട്.

#വണ്ടൂര്‍

വണ്ടൂരില്‍ കാല്‍നൂറ്റാണ്ട് തികക്കാന്‍ ഒരുങ്ങുന്ന എ പി അനില്‍കുമാറിന് ഇത്തവണയും വെല്ലുവിളികളില്ല. തുടര്‍ച്ചയായി മല്‍സരിച്ചുപോരുന്ന പല എംഎല്‍എ മാരും മണ്ഡലം നിലനിര്‍ത്തുന്നതിലെ നിര്‍ണ്ണായക ഘടകമാണെങ്കിലും യുഡിഎഫിന്റെ ശക്തിദുര്‍ഗമായ വണ്ടൂരില്‍ ആര് മല്‍സരിച്ചാലും ജയിക്കുമെന്നതാണ് യാഥാര്‍ഥ്യം.

അനില്‍കുമാര്‍ യുവത്വത്തിനു വഴിമാറണമെന്ന ചിന്ത അതുകൊണ്ടുതന്നെ അണികള്‍ക്കിടയില്‍ സജീവമാണ്. ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി സുകുമാരന്‍, കെപിസിസി അംഗം അഡ്വ. ശിവരാമന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.

തവനൂര്‍

2011 ല്‍ രൂപീകൃതമായത് മുതല്‍ കെ ടി ജലീലിലൂടെ എല്‍ഡിഎഫ് കുത്തകയാക്കിയ മണ്ഡലമാണ് തവനൂര്‍. വി വി പ്രകാശും, ഇഫ്തികറുദ്ദീനുമായിരുന്നു പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ആദ്യ ഊഴം സി.ഹരിദാസിനു നല്‍കിയിരുന്നുവെങ്കില്‍ മണ്ഡലം പിടിക്കാമായിരുന്നുവെന്ന് പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.

എ ഗ്രൂപ്പ് വിഹിതത്തിലുള്ള മണ്ഡലം, യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ടിലാണ് കഴിഞ്ഞതവണ നല്‍കിയത്. ഈ മാനദണ്ഡങ്ങള്‍ കണക്കുകളെ റിയാസ് മൂക്കോളിക്ക് അനുകൂലമാക്കുന്നുണ്ട്. വിജയ സാധ്യതയ്ക്ക്, ഗ്രൂപ്പിനേക്കാള്‍ മുന്‍തൂക്കം ലഭിക്കുന്ന നിലവിലെ സാഹചര്യത്തില്‍, വിപുലമായ ഡല്‍ഹി ബന്ധങ്ങളും പ്രായത്തിന്റെ ആനുകൂല്യവുമുള്ള കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി കറുത്ത കുതിരയാവാനുള്ള സാധ്യതകളുമുണ്ട്.

പൊന്നാനി

രണ്ടുതവണ പൊന്നാനിയില്‍ പരാജയം രുചിച്ച പി ടി അജയ് മോഹന്‍ ഇത്തവണ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഐ ഗ്രൂപ്പിലെ ചേരിതിരിവുകള്‍ പോലും പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ സ്വാധീനിച്ചേക്കും.

കെ സി വേണുഗോപാലിന്റെ നോമിനിയായി അഡ്വ.എ എം രോഹിതും, രമേശ് ചെന്നിത്തലയുടെ നോമിനിയായി സിദ്ദീഖ് പന്താവൂര്‍, യു കെ അഭിലാഷ് എന്നിവര്‍ രംഗത്തുണ്ട്. ശ്രീധരന്‍ മാസ്റ്റര്‍, വി സെയ്തുമുഹമ്മദ് തങ്ങള്‍ തുടങ്ങിയ പഴയ താരങ്ങള്‍ സ്ഥാനാര്‍ഥിയാവണമെന്നാണ് അജയ് മോഹന്റെ മനസ്സിലിരുപ്പ്. 2001 ന് ശേഷം ജയിച്ചിട്ടില്ലാത്ത പൊന്നാനി ഇത്തവണ കോണ്‍ഗ്രസിന് അഭിമാനപ്രശ്‌നമാണ്.

Next Story

RELATED STORIES

Share it