Kerala

കെല്‍ട്രോണിന് പ്രതിരോധവകുപ്പിന്റെ 8.37 കോടിയുടെ ഓര്‍ഡര്‍

കപ്പലുകള്‍ തമ്മില്‍ ഡാറ്റ, ശബ്ദസന്ദേശം എന്നിവയിലൂടെ ആശയവിനിമയം സാധ്യമാക്കുന്നതാണ് അണ്ടര്‍വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനം. റേഡിയോ തരംഗങ്ങള്‍ വഴിയാണ് ഈ ആശയവിനിമയം.

കെല്‍ട്രോണിന് പ്രതിരോധവകുപ്പിന്റെ 8.37 കോടിയുടെ ഓര്‍ഡര്‍
X

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെല്‍ട്രോണിന് പ്രതിരോധ വകുപ്പില്‍ നിന്ന് 8.37 കോടി രൂപയുടെ ഓര്‍ഡര്‍. നാവികസേനയുടെ കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനത്തിന്റെ രൂപകല്‍പനയ്ക്കും നിര്‍മാണത്തിനുമാണ് കെല്‍ട്രോണിന് ഓര്‍ഡര്‍ ലഭിച്ചത്.

കപ്പലുകള്‍ തമ്മില്‍ ഡാറ്റ, ശബ്ദസന്ദേശം എന്നിവയിലൂടെ ആശയവിനിമയം സാധ്യമാക്കുന്നതാണ് അണ്ടര്‍വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനം. റേഡിയോ തരംഗങ്ങള്‍ വഴിയാണ് ഈ ആശയവിനിമയം. കപ്പലുകള്‍ തമ്മിലുള്ള ദൂരം, മുന്നില്‍ വരുന്ന തടസ്സങ്ങള്‍ എന്നിവ മനസ്സിലാക്കി വിവരങ്ങള്‍ നല്‍കാനും ഉപകരണത്തിന് കഴിയും. ആധുനിക സോഫ്റ്റ്‌വെയറില്‍ നിര്‍മിക്കുന്ന ഉപകരണം പ്രവര്‍ത്തനത്തിലും നിലവാരത്തിലും മികവുറ്റതായിരിക്കും.

കെല്‍ട്രോണിന്റെ തിരുവനന്തപുരം കരകുളത്തെ യൂനിറ്റിലെ സ്‌പെഷ്യല്‍ പ്രോഡക്റ്റ്‌സ് ഗ്രൂപ്പാണ് അണ്ടര്‍ വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനം നിര്‍മിക്കുന്നത്. രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് കഴിഞ്ഞ 30 വര്‍ഷമായി ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കെല്‍ട്രോണ്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. നാവികസേനയുടെ മുങ്ങിക്കപ്പലുകളില്‍ ഉപയോഗിക്കുന്ന എക്കോസൗണ്ടറിന്റെ രൂപകല്‍പനയ്ക്കും നിര്‍മാണവും കെല്‍ട്രോണ്‍ നിര്‍വഹിക്കുന്നുണ്ട്. 5.63 കോടി രൂപയുടെ ഓര്‍ഡറാണ് കഴിഞ്ഞ ഒക്ടോബറില്‍ ലഭിച്ചത്. പ്രതിരോധ മേഖലയില്‍ നിന്ന് 85 കോടിയലേറെ രൂപയുടെ ഓര്‍ഡറുകള്‍ നിലവില്‍ കെല്‍ട്രോണിനുണ്ട്.

പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് വ്യവസായ വകുപ്പ് കെല്‍ട്രോണില്‍ ആധുനികവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 9.56 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരത്തെ കരകുളം യൂണിറ്റിലും ആലപ്പുഴയിലെ അരൂര്‍ യൂണിറ്റിലും നടത്തുന്നത്. അണ്ടര്‍ വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനം, എക്കോ സൗണ്ടര്‍ എന്നിവയുടെ കൂടുതല്‍ ഓര്‍ഡറുകള്‍ പ്രതിരോധ വകുപ്പില്‍ നിന്ന് കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നു. നവീകരണപ്രവര്‍ത്തനങ്ങളും പുതിയ ഓര്‍ഡറുകളും സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ രംഗത്തിന് കൂടുതല്‍ കരുത്തുപകരും. ഒപ്പം ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകും.

Next Story

RELATED STORIES

Share it