Kerala

കുടിവെള്ളത്തിലേക്ക് മലിനജലം ഒഴുകുന്നു; ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്ന് കരുവന്നൂര്‍ ജലസംഭരണി(വീഡിയോ)

കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഏങ്ങണ്ടിയൂരില്‍ നിര്‍മ്മിച്ച അഞ്ചു ലക്ഷം വെള്ളം ഉള്‍ക്കൊള്ളുന്ന ഭൂഗര്‍ഭ ജല സംഭരണിക്ക് വിള്ളല്‍; പുറത്തു നിന്നുള്ള മലിന ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നു; കുടിക്കാനായി എത്തുന്നത് മലിന ജലം; മലിന ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വീഡിയോ ദൃശ്യം തേജസ് ന്യൂസിന് ലഭിച്ചു; 55 കോടി രൂപ പദ്ധതി പൂര്‍ത്തിയായപ്പോള്‍ കണ്ടത് കോടികളുടെ അഴിമതി

കുടിവെള്ളത്തിലേക്ക് മലിനജലം ഒഴുകുന്നു;  ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്ന് കരുവന്നൂര്‍ ജലസംഭരണി(വീഡിയോ)
X



കെ എം അക് ബര്‍

ചാവക്കാട്: കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് നിര്‍മ്മിച്ച ഭൂഗര്‍ഭ ജല സംഭരണിക്ക് വിള്ളല്‍. പുറത്തു നിന്നുള്ള മലിന ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നു. കുടിക്കാനായി എത്തുന്നത് മലിന ജലം. ഭൂഗര്‍ഭ ജല സംഭരണിയിലേക്ക് പുറത്തു നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതിന്റെ വീഡിയോ ദൃശ്യം തേജസ് ന്യൂസിന് ലഭിച്ചു. 55 കോടി രൂപ ചെലവില്‍ 2007ലെ യുപിഎ സര്‍ക്കാരിന്റെ യു.ഐ.ഡി.എസ്.എസ്.എം.ടി.യില്‍ ഉള്‍പ്പെടുത്തിയ ബൃഹദ് പദ്ധതി ഏറെ കൊട്ടിഘോഷിച്ച് ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് മലിന ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഉദ്ഘാടനത്തിനു മുന്നോടിയായി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ട്രയല്‍ റണ്ണിങ് നടത്തിയിരുന്നു. ഈ സമയത്താണ് ഏങ്ങണ്ടിയൂരിലെ സംഭരണിയുടെ വിള്ളല്‍ കണ്ടത്. ഇതോടെ പദ്ധതിയുടെ ഉദ്ഘാടനം വരേയെങ്കിലും വെള്ളം സംഭരണിയുടെ അകത്തേക്ക് കടക്കാതിരിക്കാനുള്ള വഴികണ്ടെത്താനാണ് ഉദ്യോഗസ്ഥര്‍ കരാറുകാരന് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്് സിമന്റും മറ്റും ഉപയോഗിച്ച് വിള്ളല്‍ അടക്കല്‍ ആരംഭിച്ചു. പത്തിലധികം തവണ ഇത്തരത്തില്‍ ചോര്‍ച്ചയടക്കല്‍ നടത്തിയെങ്കിലും സംഭരണിയിലേക്ക് വെള്ളം കയറുന്നത് പൂര്‍ണ്ണമായും നിര്‍ത്താനായിട്ടില്ല. കരുവന്നൂര്‍ പുഴയില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച ശേഷം വെള്ളാനിയിലെ ജല സംഭരണിയിലെത്തുകയും പിന്നീട് വെള്ളം ഇവിടെ നിന്നും ഏങ്ങണ്ടിയൂരിലെ ജല സംഭരണിയിലെത്തുകയാണ് ചെയ്യുന്നത്. ഈ ശുദ്ധീകരിച്ച വെള്ളത്തിലേക്കാണ് മലിന ജലം ഒഴുകിയെത്തുന്നത്. ഈ വെള്ളമാണ് ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളിലേക്ക് വിതരണം ചെയ്യുക. ഭൂഗര്‍ഭ സംഭരണി നിര്‍മ്മാണത്തില്‍ നടത്തിയ ക്രമക്കേടാണ് വ്യാപകമായ വിള്ളല്‍ വരുന്നതിന് പ്രധാന കാരണമായത്. ആവശ്യമായ സിമന്റും കമ്പിയുമൊന്നും ഉപയോഗിക്കാതെ സംഭരണിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെ സംഭരണിയുടെ ഒരു ഭാഗം ചെരിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നാലു ഭാഗത്തേയും ചുവരിന് വിള്ളല്‍ സംഭവിച്ചത്. ഇതേ തുടര്‍ന്ന് സംഭരണിയുടെ ബലക്കുറവും അപാകതയും മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ സംഭരണിക്ക് മുകളില്‍ നിര്‍മ്മിക്കേണ്ട പമ്പ് ഹൗസ് കരാരില്‍ നിന്നും വ്യത്യസ്തമായി മാറ്റി നിര്‍മ്മിക്കുകയാണ് ആദ്യം ചെയ്തത്. ഇതുമൂലം സര്‍ക്കാറിന് വന്‍ തുക അധികചിലവുമുണ്ടായി. കൂടാതെ ചേറ്റുവ പുഴയില്‍ രണ്ടു വരിയായി എച്ച്.ഡി.പി.ഇ പൈപ്പ് സ്ഥാപിക്കാനാണ് കരാറെങ്കിലും ഇപ്പോള്‍ ഒരു വരി മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതേ കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ ഫണ്ട് കുറവുമൂലമാണ് ഒരു വരി മാത്രം പൈപ്പ് സ്ഥാപിച്ചതെന്നായിരുന്നു മറുപടി. പുഴയിലെ ഒരു വരിയിലെ പൈപ്പിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ വെള്ളം വിതരണം തടസ്സപ്പെടാതിരിക്കാനാണ് സമാന്തരമായി മറ്റൊരു വരി പൈപ്പ് കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു വരി മാത്രം പൈപ്പ് സ്ഥാപിച്ചതോടെ പൈപ്പിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ വെള്ളം വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടും. ചേറ്റുവ പുഴയില്‍ 460 മീറ്റര്‍ ദൂരത്തില്‍ കടന്നുപോകുന്ന എച്ച്.ഡി.പി.ഇ പൈപ്പ് ആവശ്യമായ ആഴമില്ലാതെയാണ് സ്ഥാപിച്ചിട്ടുള്ളത്. പുഴയുടെ അടിത്തട്ടില്‍ നിന്ന് ഒന്നര മീറ്റര്‍ താഴ്ച്ചയിലാണ് ഈ പൈപ്പ് സ്ഥാപിക്കേണ്ടതെങ്കിലും പലയിടത്തും അരമീറ്റര്‍ പോലും താഴ്ചയില്ലത്രേ. കൂടാതെ ചേറ്റുവ പുഴയില്‍ എച്ച്.ഡി.പി.ഇ പൈപ്പ്, ലാപ് ജോയന്റ് ഇലക്ട്രോഫ്യൂഷന്‍ കപ്ലിങ് ഉപയോഗിച്ചാണ് കീട്ടി യോജിപ്പിക്കേണ്ടെങ്കിലും ഇവിടെ ബട്ട് ജോയന്റ് സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതു മൂലം പൈപ്പുകള്‍ വിട്ടു പോകാനും സാധ്യതയേറേയാണെന്ന് വിദഗ്ധര്‍ പറയുന്നു. കരാര്‍ പ്രകാരം ലാപ് ജോയന്റ് ഇലക്ട്രോഫ്യൂഷന്‍ കപ്ലിങ് ഉപയോഗിക്കുന്നതിന് 20,000ഓളം രൂപയാണ് ആവശ്യമായി വരിക. എന്നാല്‍ 2000 രൂപ മാത്രം ചെലവു വരുന്ന ബട്ട് ജോയന്റ് സിസ്റ്റം ഉപയോഗിച്ചത് വഴി വന്‍ അഴിമതിയാണ് ഇവിടേയും നടന്നിട്ടുള്ളത്. കൂടാതെ നിലവാരമില്ലാത്ത എയര്‍ വാള്‍വുകള്‍ ഉപയോഗിക്കുക വഴി ചേറ്റുവ മുതല്‍ ഗുരുവായൂര്‍ വരേയുള്ള എയര്‍ വാല്‍വുകളിലൂടെ വന്‍ തോതിലാണ് വെള്ളം പാഴാവുന്നത്.



Next Story

RELATED STORIES

Share it