Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
X

കരുവന്നൂര്‍: ബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്തീന്‍ എംഎല്‍എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. ബാങ്ക് തട്ടിപ്പില്‍ മൊയ്തീന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇ ഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. എംഎല്‍എയുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. മുന്‍ സഹകരണ വകുപ്പ് മന്ത്രിയും കുന്നംകുളം എംഎല്‍എയുമാണ് എ സി മൊയ്തീന്‍.


കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് 300 കോടിയുടെ ക്രമക്കേടാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. ക്രമ വിരുദ്ധമായി വായ്പ നല്‍കിയെന്നും ക്രമ വിരുദ്ധമായി ഇടപെടല്‍ നടത്തിയെന്നുമാണ് കണ്ടെത്തല്‍. കഴിഞ്ഞ കുറച്ച് നാളുകളായി എംഎല്‍എ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ 7.30ന് ഇഡി സംഘം റെയ്ഡ് ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് എസി മൊയ്തീന്‍ എംഎല്‍എയുടെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കുന്നംകുളത്തെ ഓഫീസിലും പരിശോധന നടന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പരിശോധന പൂര്‍ത്തിയാക്കി സംഘം മടങ്ങിയത്.

റെയ്ഡില്‍ തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും എ സി മൊയ്തീന്‍ വ്യക്തമാക്കി. വീട് പരിശോധിക്കണമെന്ന് പറഞ്ഞപ്പോള്‍ പൂര്‍ണ്ണമായി സഹകരിച്ചു. ക്രമരഹിതമായി വായ്പ കൊടുക്കാന്‍ ഞാന്‍ മാനദണ്ഡങ്ങള്‍ മാറ്റാന്‍ പറഞ്ഞു എന്ന് ഒരാളുടെ മൊഴി ഉണ്ടെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും റെയ്ഡിന് ശേഷം മൊയ്തീന്‍ അറിയിച്ചു.



അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഓഫീസില്‍ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീന്‍ വ്യക്തമാക്കി. അദ്ദേഹവുമായി ബന്ധമുള്ളവരുടെയും വീടുകളില്‍ ഇഡി എത്തി. ഇതിനിടെ എ സി മൊയ്തീനുമായി അടുപ്പമുള്ള മൂന്ന് പേരോട് കൊച്ചിയിലെ ഓഫീസിലെത്താന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.






Next Story

RELATED STORIES

Share it