Kerala

കര്‍ണാടക അതിര്‍ത്തി അടച്ചിടല്‍: മുഖ്യമന്ത്രിയും അമിത് ഷായും ചര്‍ച്ച നടത്തി

കാസര്‍ഗോഡ് നിന്ന് മംഗലാപുരം പോവേണ്ടതിന്റെ അനിവാര്യതയും വടക്കന്‍ കേരളവും മംഗലാപുരവുമായുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു.

കര്‍ണാടക അതിര്‍ത്തി അടച്ചിടല്‍: മുഖ്യമന്ത്രിയും അമിത് ഷായും ചര്‍ച്ച നടത്തി
X

തിരുവനന്തപുരം: കര്‍ണാടകം അതിര്‍ത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ തിരികെ വിളിച്ച് വിഷയത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കാസര്‍ഗോഡ് നിന്ന് മംഗലാപുരം പോവേണ്ടതിന്റെ അനിവാര്യതയും വടക്കന്‍ കേരളവും മംഗലാപുരവുമായുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ അനേകമാളുകള്‍ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. അതുവഴി രോഗികള്‍ക്ക് പോലും പോവാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുന്നത് ഒരു ജനതയുടെ ജീവിതത്തെ ആകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തലശ്ശേരി- കൂര്‍ഗ് റോഡ് (ടിസി റോഡ്) കണ്ണൂര്‍ ജില്ലയില്‍നിന്ന് കര്‍ണാടകയിലേക്ക് ഏറ്റവും പ്രധാനപ്പെട്ട ഗതാഗതമാര്‍ഗമാണ്. ആ റോഡ് അടച്ചിടുക എന്നത് കണ്ണൂര്‍ ജില്ലയും കര്‍ണാടകവുമായുള്ള ബന്ധം അറുത്തുമാറ്റുന്നതിന് തുല്യമാണെന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു.

ചരക്കുനീക്കത്തിന് അനിവാര്യമായ പാതയാണത്. കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കിയ ആഭ്യന്തരമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ഉടന്‍തന്നെ തിരിച്ചുവിളിക്കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തില്‍നിന്ന് മംഗലാപുരത്തെ രോഗിയുമായി പോയ ആംബുലന്‍സ് കര്‍ണാടക അതിര്‍ത്തിയില്‍ പോലിസ് തടഞ്ഞിരുന്നു. ആംബുലന്‍സ് തിരികെ പോരുകയും ഗുരുതരാവസ്ഥയിലായ രോഗി യഥാസമയം ചികില്‍സ കിട്ടാതെ മരിക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it