Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഗൂഢാലോചനയിലും അന്വേഷണം; അടൂർ പ്രകാശ് സഹായിച്ചെന്ന് മന്ത്രി കടകംപള്ളി

വെഞ്ഞാറമ്മൂട്ടിലെ തലയിൽ വാർഡിലാണ് സംഭവം നടന്നത് എന്നത് കൊണ്ട് വാർഡ് മെമ്പർ ഗോപനെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഗൂഢാലോചനയിലും അന്വേഷണം; അടൂർ പ്രകാശ് സഹായിച്ചെന്ന് മന്ത്രി കടകംപള്ളി
X

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയിൽ അടൂർ പ്രകാശ് എംപിക്കെതിരെ കടുത്ത ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആറ്റിങ്ങൽ മണ്ഡലത്തിൽ അപ്രതീക്ഷിത വിജയം ഉണ്ടായതിന് പിന്നാലെ അതിന് സഹായിച്ചുവെന്ന് കരുതുന്ന ഗുണ്ടകളെ കഴിഞ്ഞ ഒരു വർഷമായി അടൂർ പ്രകാശ് സഹായിച്ചു വരികയാണെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. അവരെ എല്ലാ കേസിൽ നിന്നും രക്ഷപ്പെടുത്താൻ അടൂർ പ്രകാശ് ഇടപെടുന്നുവെന്നും കടകംപള്ളി പ്രതികരിച്ചു.

അടൂർ പ്രകാശിനെ വിമർശിച്ച് ഡി കെ മുരളി എംഎൽഎയും രംഗത്തെത്തി. ഗൂഡാലോചന നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിൽ പങ്ക് പുറത്തായതോടെ അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനായാണ് അടൂർ പ്രകാശ് നുണ പ്രചരിപ്പിക്കുന്നതെന്ന് ഡി കെ മുരളി പറഞ്ഞു. തന്റെ മകൻ ആരുമായി സംഘർഷമുണ്ടാക്കിയെന്ന് അടൂർ പ്രകാശ് വ്യക്തമാക്കണം. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് ഡി കെ മുരളി എംഎൽഎയുടെ മകനുമായുണ്ടായ തർക്കമാണെന്ന് അടൂർ പ്രകാശ് ആരോപിച്ചിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുന്നുവെന്നും ഡി കെ മുരളി പറഞ്ഞു.

അതേസമയം, പ്രതികൾ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് കരുതുന്ന പോലിസ് ഇവരുടെ കഴിഞ്ഞ ഒരുമാസത്തെ ഫോൺ രേഖകൾ ശേഖരിക്കാനും തീരുമാനിച്ചുണ്ട്. സംഭവത്തിന് പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജനടക്കം പറഞ്ഞിരുന്നു. മാത്രമല്ല അടൂർ പ്രകാശിനെതിരേ ഇ പി ജയരാജനും ആരോപണം ഉന്നയിച്ചിരുന്നു. തുടർന്നാണ് ഉന്നത ഗൂഢാലോചനയിലേക്ക് കൂടെ പോലിസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. തനിക്കെതിരേ ആരോപണം വന്നതിന് പിന്നാലെ പ്രതികൾ ഞാനുമായി നേരിട്ട് സംസാരിക്കുന്നത് തെളിയിക്കാൻ അടൂർ പ്രകാശ് എംപിയും വെല്ലുവിളിച്ചിരുന്നു.

വെഞ്ഞാറമ്മൂട്ടിലെ തലയിൽ വാർഡിലാണ് സംഭവം നടന്നത് എന്നത് കൊണ്ട് വാർഡ് മെമ്പർ ഗോപനെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. പ്രതികൾ ഇയാളുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന് കരുതിയാണ് ഇയാളെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നത്. ഇതിനിടെ ഗോപനെ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയത് കൂടുതൽ സംശയത്തിനും വഴി വെച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it