Kerala

കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേട്, 100 കോടി കാണാനില്ല, ഉന്നതര്‍ക്ക് പങ്ക്; വെളിപ്പെടുത്തലുമായി എംഡി ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേട്, 100 കോടി കാണാനില്ല, ഉന്നതര്‍ക്ക് പങ്ക്; വെളിപ്പെടുത്തലുമായി എംഡി ബിജു പ്രഭാകര്‍
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വ്യാപകക്രമക്കേട് നടക്കുന്നുവെന്ന വെളിപ്പെടുത്തവുമായി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ രംഗത്ത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ കാലങ്ങളായി നടത്തിവരുന്ന തട്ടിപ്പുകള്‍ എംഡി പുറത്തുവിട്ടത്. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരേ നടപടി സ്വീകരിക്കും. നിലവില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ശ്രീകുമാര്‍.

പോക്‌സോ കേസില്‍ ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്ത വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എം ഷറഫിനെതിരേയും നടപടിയുണ്ടാവുമെന്ന് എംഡി വ്യക്തമാക്കി. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുകയാണ്. പണം തട്ടുന്നുമുണ്ട്. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണ്. പലരും ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു, ചിലര്‍ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെഎസ്ആര്‍ടിസി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.

കെഎസ്ആര്‍ടിസി കടം കയറി നില്‍ക്കുകയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയത്. കടുത്ത പ്രതിസന്ധി മറികടക്കാനാണ് ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത്. വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്. കെഎസ്ആര്‍ടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല. എന്നാല്‍, ആളുകളെ കുറയ്‌ക്കേണ്ടിവരും. 22,000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15,000 ആയും 10,000 ആയും ജീവനക്കാരെ കുറയ്ക്കും. ഇപ്പോള്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍ വേണ്ടിയാണ്.

ജീവനക്കാരെ മുഴുവനായും അങ്ങനെ കാണുന്നില്ല. എന്നാല്‍, പത്ത് ശതമാനം പേരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് എംഡി ചൂണ്ടിക്കാട്ടി. ഡീസലില്‍ മാത്രമല്ല വെട്ടിപ്പ് നടക്കുന്നത്. ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. ജീവനക്കാരില്‍ 7,090 പേര്‍ പഴയ ടിക്കറ്റ് നല്‍കി വെട്ടിപ്പ് നടത്തുന്നു. ദീര്‍ഘദൂര ബസ് സര്‍വീസുകാരെ സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെഎസ്ആര്‍ടിസിയുടെ വര്‍ക് ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും.

അടുത്ത മൂന്ന് മുതല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ സമഗ്രമായ മാറ്റംവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്ക് കീഴില്‍ സ്വിഫ്റ്റ് എന്ന ഉപകമ്പനി രൂപീകരിക്കാനുള്ള എംഡിയുടെ നിര്‍ദേശത്തിനെതിരേ യൂനിയനുകള്‍ വലിയ എതിര്‍പ്പാണ് ഉയര്‍ത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് എംഡി ജീവനക്കാര്‍ക്കെതിരേ ആഞ്ഞടിച്ചത്. അതേസമയം, സിപിഐ, കോണ്‍ഗ്രസ്, ബിജെപി അനുകൂല സംഘടനകള്‍ എംഡിക്കെതിരേ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ കെഎസ്ആര്‍ടിസിയില്‍ യൂനിയനുകളും എംഡിയുമായി പോര് രൂക്ഷമാവുമെന്ന കാര്യം ഉറപ്പായി.

Next Story

RELATED STORIES

Share it