Kerala

പൂക്കോയ തങ്ങളുടെ ദേഹത്ത് മഷി കുടഞ്ഞെന്ന പ്രചാരണം; തരുവണയിലെ രാഷ്ട്രീയവിവാദത്തിന് പുതിയ മാനം

പൂക്കോയ തങ്ങളുടെ ദേഹത്ത് മഷി കുടഞ്ഞ കുടുംബത്തിലെ രണ്ടുപേര്‍ മനോരോഗികളായെന്ന പ്രചാരണം ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടേതായി പുറത്തുവന്ന പ്രസംഗമാണ് സംഭവം വീണ്ടും സജീവചര്‍ച്ചയാക്കിയത്.

പൂക്കോയ തങ്ങളുടെ ദേഹത്ത് മഷി കുടഞ്ഞെന്ന പ്രചാരണം; തരുവണയിലെ രാഷ്ട്രീയവിവാദത്തിന് പുതിയ മാനം
X

പി സി അബ്ദുല്ല

കല്‍പ്പറ്റ: പതിറ്റാണ്ടുകളായി മലബാറില്‍ പ്രത്യേകിച്ച് വയനാട്ടില്‍ രാഷ്ട്രീയവും വൈകാരികവുമായി പല തലങ്ങളില്‍ പ്രയോഗിക്കപ്പെട്ട മഷി കുടയില്‍ പ്രചാരണത്തിന് പുതിയ മാനം. മുസ്‌ലിം ലീഗ് പ്രചാരണത്തിനായി അരനൂറ്റാണ്ടു മുമ്പ് വയനാട്ടിലെത്തിയ സയ്യിദ് പിഎംഎസ്എ പൂക്കോയ തങ്ങളുടെ ദേഹത്ത് തരുവണയില്‍വച്ച് കോണ്‍ഗ്രസുകാരനായ ഭൂപ്രമാണിയുടെ മകനും ചെറുമകനും മഷി കുടഞ്ഞ് അപമാനിച്ചെന്ന് ആഴത്തില്‍ വേരോടിയ വിവാദമാണ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സജീവചര്‍ച്ചയായിരിക്കുന്നത്.

'ചന്ദ്രിക' ശിഹാബ് തങ്ങള്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച വിവാദലേഖനം

പൂക്കോയ തങ്ങളുടെ ദേഹത്ത് മഷി കുടഞ്ഞ കുടുംബത്തിലെ രണ്ടുപേര്‍ മനോരോഗികളായെന്ന പ്രചാരണം ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടേതായി പുറത്തുവന്ന പ്രസംഗമാണ് സംഭവം വീണ്ടും സജീവചര്‍ച്ചയാക്കിയത്. ഒമ്പതുവര്‍ഷം മുമ്പത്തെ കല്ലായിയുടെ പ്രസംഗം തരുവണയിലെ ചില സമീപകാല നീക്കങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഇടംനേടുകയായിരുന്നുവെന്നാണ് സൂചന.

ലീഗ് നേതാവിന്റെ പ്രസംഗം വ്യാപകമായി പ്രചരിച്ചുതുടങ്ങിയതോടെ ആരോപണവിധേയരായ കുടുംബം മഷി കുടയല്‍ കഥയ്‌ക്കെതിരേ കഴിഞ്ഞദിവസം പരസ്യമായി രംഗത്തുവന്നു. പള്ളിയാല്‍ ആലി ഹാജിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ പള്ളിയാല്‍ മൊയ്ദൂട്ടി ലീഗ് പ്രചാരണങ്ങളുടെ മുനയൊടിച്ച് രംഗത്തുവന്നതിനു പിന്നാലെ അനുബന്ധചര്‍ച്ചകള്‍ സാമൂഹികമാധ്യമങ്ങളില്‍ നടക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ തരുവണയുടെ സാമൂഹികസാഹചര്യത്തില്‍നിന്നാണ് പൂക്കോയ തങ്ങളുടെ ദേഹത്ത് മഷി കുടഞ്ഞ് അപമാനിച്ചു എന്ന പ്രചാരണത്തിന്റെ ഉദ്ഭവവും വികാസവും. ഭൂപ്രമാണിയും പൗരപ്രമുഖനുമായിരുന്ന പള്ളിയാല്‍ ആലി ഹാജിയുടെ കുടുംബം പാരമ്പര്യകോണ്‍ഗ്രസുകാരായിരുന്നു.

'ചന്ദ്രിക' ശിഹാബ് തങ്ങള്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച വിവാദലേഖനം

അക്കാലത്ത് പ്രദേശത്ത് മുസ്‌ലിം ലീഗ് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ പള്ളിയാല്‍ ആലി ഹാജി കഠിനമായി എതിര്‍ത്തുവെന്നും അതിന്റെ ഭാഗമായി ലീഗ് പ്രചാരണത്തിനെത്തിയ പൂക്കോയ തങ്ങളുടെ ദേഹത്ത് ആലി ഹാജിയുടെ മകനും മകളുടെ മകനും മഷി കുടഞ്ഞു എന്നുമാണ് കാലങ്ങളായി നിലനില്‍ക്കുന്ന പ്രചാരണം. തങ്ങള്‍ ശപിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മനോരോഗികളായി മാറിയെന്ന പ്രചാരണവും വേരോടി. ഇത്തരം പ്രചാരണങ്ങള്‍ പ്രദേശത്ത് മുസ്‌ലിം ലീഗിന്റെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാവുകയും തരുവണയില്‍ ലീഗ് ഏറ്റവും വലിയ പാര്‍ട്ടിയാവുകയും ചെയ്തു. പള്ളിയാല്‍ കുടുംബം പാവപ്പെട്ടവരെയും പണ്ഡതരെയുമൊക്കെ ദ്രോഹിച്ചിരുന്നു എന്ന പ്രചാരണത്തിന് ഉപോദ്ബലകമായും പൂക്കോയ തങ്ങള്‍ സംഭവം കാലങ്ങളായി ഉപയോഗിക്കപ്പെട്ടു.

2009 സപ്തംബറില്‍ പ്രസിദ്ധീകരിച്ച 'ചന്ദ്രിക' ശിഹാബ് തങ്ങള്‍ അനുസ്മരണപ്പതിപ്പില്‍ ഈ പ്രചാരണം ശരിവച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. പേരുപറഞ്ഞില്ലെങ്കിലും പള്ളിയാല്‍ ആലി ഹാജിയാണെന്ന് വ്യക്തമാവുംവിധം കുടുംബത്തെ അടച്ചാക്ഷേപിച്ചായിയുന്നു ആ ലേഖനം. തരുവണയില്‍ പൂക്കോയ തങ്ങളെ പ്രസംഗിപ്പിക്കാതിരിക്കാനുള്ള ഭൂപ്രമാണിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും വന്‍ ജനപങ്കാളിത്തത്തോടെയുള്ള പരിപാടി കഴിഞ്ഞ് പൂക്കോയ തങ്ങള്‍ കാറിലേക്ക് കയറുമ്പോള്‍ ഭൂപ്രമാണിയുടെ മകനും മരുമകനും മഷി കുടഞ്ഞുവെന്നുമുള്ള പ്രചാരണമാണ് ശിഹാബ് തങ്ങള്‍ പതിപ്പിലും ആവര്‍ത്തിച്ചത്. ഭ്രാന്തന്‍മാരാണ് അത് ചെയ്തതെന്ന് പൂക്കോയ തങ്ങള്‍ പറഞ്ഞുവെന്നും തങ്ങളുടെ ശാപമായി രണ്ടുപേര്‍ക്ക് ഭ്രാന്തായെന്നുമായിരുന്നു ലേഖനത്തിലെ ഉള്ളടക്കം.

പള്ളിയാല്‍ മൊയ്തൂട്ടി

ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി ഈ ലേഖനം ഉദ്ധരിച്ചാണ് തരുവണയിലെ കുടുംബത്തിനെതിരേ പ്രസംഗിച്ചത്. കല്ലായിയുടെ പ്രസംഗം കഴിഞ്ഞദിവസം പുറത്തുവന്നതോടെ വയനാട്ടിലുള്ള പലരും പ്രതിഷേധവുമായി അദ്ദേഹത്തെ ബന്ധപ്പെട്ടു. എന്നാല്‍, തരുവണക്കാരനായ ഒരാളുടെ ലേഖനം അടിസ്ഥാനമാക്കിയാണ് താന്‍ പ്രസംഗിച്ചതെന്നും പ്രസ്തുത ലേഖനം ലേഖകന്‍ നിഷേധിക്കാത്തതിനാല്‍ താന്‍ മാപ്പു പറയേണ്ട കാര്യമില്ലെന്നുമാണ് ലീഗ് നേതാവ് ഇന്നലെ വ്യക്തമാക്കിയത്.

എന്നാല്‍, പണിറ്റാണ്ടുകള്‍ക്കിപ്പുറം മഷികുടയല്‍ സംഭവം വീണ്ടും ചര്‍ച്ചയാവുമ്പോള്‍ പള്ളിയാല്‍ കുടുംബം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ലീഗ് കേന്ദ്രങ്ങള്‍ക്ക് ഉത്തരമില്ല. ഒരു കുടുംബത്തിലെ ചിലരുടെ മനോരോഗം പോലും രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചുവെന്ന ആരോപണവും ലീഗിനെ ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നു. പൂക്കോയ തങ്ങളുടെ ദേഹത്ത് മഷി കുടഞ്ഞെന്ന പ്രചാരണത്തിന്റെ ആധികാരികത വയനാട്ടിലെ ആദ്യകാല ലീഗ് നേതാക്കളായ പി എ ആലിയടക്കമുള്ളവര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, പ്രചാരണം നിഷേധിക്കാന്‍ ലീഗ് കേന്ദ്രങ്ങള്‍ ഇപ്പോഴും തയ്യാറാവുന്നുമില്ല. പള്ളിയാല്‍ കുടുംബം ചോദ്യങ്ങളുമായി രംഗത്തുവന്നതോടെ ലീഗ് കഥയ്ക്ക് ഉത്തരമില്ലാതായി എന്നതില്‍ തീരുന്നില്ല മഷി കുടയല്‍ വിവാദം.

ജീവിതത്തിന്റെ മനോ നില തകര്‍ന്ന ചിലര്‍ ഈ ആരോപണത്തിന്റെ ഭാണ്ഡം പേറിയാണ് മണ്‍മറഞ്ഞുപോയത്. പള്ളിയാല്‍ ആലി ഹാജിയുടെ ചെറുമകന്‍ ഫൈസല്‍ ഇന്നലെയെഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആ വേദന പങ്കുവയ്ക്കുന്നുണ്ട്. ''ഉറങ്ങിക്കൊള്ളുക പ്രിയ പിതാവേ, വൈകിയെങ്കിലും നിങ്ങള്‍ക്ക് നീതി ലഭിച്ചിരിക്കുന്നു'' എന്നാണ് മഷി കുടയല്‍ ആരോപണത്തിന് വിധേയനായ പിതാവിനെക്കുറിച്ച് ഫൈസല്‍ പള്ളിയാല്‍ കുറിച്ചത്. പള്ളിയാല്‍ മൊയ്ദൂട്ടിയുടെ വിശദീകരണത്തിന് ലീഗിന്റെ ഭാഗത്തുനിന്ന് വിശദീകരണമൊന്നും വന്നിട്ടില്ല. 4,000 ഏക്കര്‍ ഭൂസ്വത്ത് നാട്ടുകാരുടെ നന്‍മയ്ക്കായി വിനിയോഗിച്ച കുടുംബമാണ് പിതാവിന്റേതെന്നും പണ്ഡിതരോടൊക്കെ ആദരവുമാത്രമാണ് പുലര്‍ത്തിയതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it