Kerala

വിമാനവാഹിനി കപ്പലില്‍ മോഷണം ; കപ്പല്‍ശാല ജീവനക്കാരെ പോലിസ് ചോദ്യം ചെയ്തു; മോഷണം പോയത് ആറു ഹാര്‍ഡ് ഡിസ്‌കുകളെന്ന് സൂചന

കപ്പലിന്റെ നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. വിരലടയാള വി്ദഗ്ദ്ധര്‍ എത്തി കംപ്യൂട്ടറുകളില്‍ പരിശോധന നടത്തി. കൈയ്യുറ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തിയിരുന്നു

വിമാനവാഹിനി കപ്പലില്‍  മോഷണം ; കപ്പല്‍ശാല ജീവനക്കാരെ പോലിസ് ചോദ്യം ചെയ്തു; മോഷണം പോയത് ആറു ഹാര്‍ഡ് ഡിസ്‌കുകളെന്ന് സൂചന
X

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലില്‍ നിന്നും മോഷണം പോയത് ആറ് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളെന്ന് സൂചന. അതീവ സുരക്ഷാ മേഖലയില്‍ നടന്ന മോഷണ കേസില്‍ അന്വേഷണം കപ്പല്‍ശാലയിലെ ജീവനക്കാരിലേയ്ക്ക് വ്യാപിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലിസ് കപ്പല്‍ശാലയിലെ ജീവനക്കാരെ ചോദ്യം ചെയ്തു. കപ്പലിന്റെ നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. വിരലടയാള വി്ദഗ്ദ്ധര്‍ എത്തി കംപ്യൂട്ടറുകളില്‍ പരിശോധന നടത്തി. കൈയ്യുറ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌ക്കിനൊപ്പം മൂന്ന് മൈക്രോ ചിപ്പുകളും ആറ് റാന്‍ഡം ആക്‌സസ് മെമ്മറിയും മൂന്ന് സിപിയുവും മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. കംപ്യൂട്ടര്‍ തകര്‍ത്താണ് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ചത്. കംപ്യൂട്ടര്‍ മുറിയിലുണ്ടായിരുന്ന കൂളര്‍ ഫാന്‍ സംവിധാനം നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലിസാണ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് ഹാര്‍ഡ് ഡിസ്‌ക്ക് മോഷണം പോയതായി സൗത്ത് പോലിസിന് പരാതി ലഭിച്ചത്. നാവിക സേനയ്ക്ക് വേണ്ടിയാണ് ഈ വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്നത്. കപ്പലിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് മോഷണം. നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്‌ക്കുകള്‍ കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ളതാണ്. വിശദമായ അന്വേഷണത്തിനായി കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പിയ്ക്ക് കൈമാറിയിട്ടുണ്ട്.

Next Story

RELATED STORIES

Share it