ബുറേവി ചുഴലിക്കാറ്റ്: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
ആശുപത്രികളില്‍ മതിയായ ചികില്‍സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളും പിന്നീടുണ്ടാവുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ മതിയായ ചികില്‍സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ പ്രവര്‍ത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ് കാഷ്വാലിറ്റി ഉണ്ടായാല്‍ പോലും നേരിടാനുള്ള സംവിധാനങ്ങള്‍ ആശുപത്രി മാനേജ്മെന്റ് ഒരുക്കേണ്ടതാണ്. ആന്റി സ്നേക്ക്വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റും ഉറപ്പുവരുത്തേണ്ടതാണ്. ഓര്‍ത്തോപീഡിഷ്യന്‍, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, സര്‍ജന്‍, അനസ്തീഷ്യാ ഡോക്ടര്‍ എന്നിവര്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയില്‍ അത്യാവശ്യമുള്ളപ്പോള്‍ എത്തേണ്ടതാണ്.
മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും തുടങ്ങി താഴെത്തട്ടിലുള്ള ആശുപത്രികള്‍ ജാഗ്രതയോടെയിരിക്കണം. അതാത് ജില്ലകളിലെ നോഡല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. പ്രശ്നബാധിതമായ എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം എപ്പോഴും ജാഗ്രതയായിരിക്കണം. തീരദേശമേഖലകളില്‍ ആവശ്യമായ ജീവനക്കാര്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഒരുക്കണം. ക്യാംപുകളിലും മതിയായ ചികില്‍സ ഉറപ്പുവരുത്തും.
വയോജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കേണ്ടതാണ്. ക്യാംപുകളിലും മറ്റും എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. എല്ലാ പ്രശ്നബാധിത മേഖലകളിലും കനിവ് 108 ആംബുലന്‍സുകളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. കൊവിഡ് ബാധിതരേയും അല്ലാത്തവരേയും പ്രത്യേകം ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണമൊരുക്കിയിട്ടുണ്ട്. തല്‍സമയം റൂട്ട് നിശ്ചയിക്കാന്‍ ജിവികെ ഇഎംആര്‍ഐയുടെ കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMT