Kerala

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അടുത്ത ദിവസങ്ങളിൽ മഴ കുറയും

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അടുത്ത ദിവസങ്ങളിൽ മഴ കുറയും
X

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചാൽ തന്നെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ജാഗ്രത തുടരാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

ഇന്ന് കാസർകോഡ്, കണ്ണൂർ, വയനാട്,കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ പ്രതിദിന മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ (Heavy Rainfall) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.*

ശക്തമായ മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിയന്ത്രിക്കേണ്ടതാണ്.

ആഗസ്ത് 10 : തൃശൂർ, മലപ്പുറം.

ആഗസ്ത് 11 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നദികളിൽ ശക്തമായ ഒഴുക്ക് തുടരാൻ സാധ്യതയുള്ളതിനാൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ശക്തമായ ഒഴുക്കുള്ള ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

വെള്ളം നിയന്ത്രിത അളവിൽ പുറത്തേക്കൊഴുക്കുന്ന അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ആവശ്യമായ ജാഗ്രത തുടരേണ്ടതാണ്. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റ് വീശുന്നതിനാൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.

ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf ഈ ലിങ്കിൽ ലഭ്യമാണ്. ഓറഞ്ച് ബുക്ക് ഓൺലൈനിൽ വായിക്കാൻ https://ksdma.afterflood.in/ എന്ന ലിങ്ക് സന്ദർശിക്കുക.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

Next Story

RELATED STORIES

Share it