Kerala

കനത്ത മഴ: പമ്പാ ത്രിവേണിയും റാന്നി- വടശ്ശേരിക്കര റോഡും വെള്ളത്തില്‍; പെരുന്തേനരുവി പവര്‍ ഹൗസും മുങ്ങി

റാന്നി ടൗണില്‍ വെള്ളം ക്രമാതീതമായി ഉയരുകയാണ്. പെരുന്തേനരുവി കെഎസ്ഇബി പവര്‍ ഹൗസ് വെള്ളത്തില്‍ മുങ്ങി. നിരവധി ജനറേറ്ററുകള്‍ നശിച്ചു.

കനത്ത മഴ: പമ്പാ ത്രിവേണിയും റാന്നി- വടശ്ശേരിക്കര റോഡും വെള്ളത്തില്‍; പെരുന്തേനരുവി പവര്‍ ഹൗസും മുങ്ങി
X

പത്തനംതിട്ട: കനത്ത മഴയില്‍ ജില്ലയിലെ പല മേഖലകളും വെള്ളത്തിലായി. പമ്പാ ത്രിവേണിയും റാന്നി- വടശ്ശേരിക്കര റോഡും പൂര്‍ണമായി വെള്ളത്തിനടിയില്‍. റാന്നി ടൗണില്‍ വെള്ളം ക്രമാതീതമായി ഉയരുകയാണ്. പെരുന്തേനരുവി കെഎസ്ഇബി പവര്‍ ഹൗസ് വെള്ളത്തില്‍ മുങ്ങി. നിരവധി ജനറേറ്ററുകള്‍ നശിച്ചു. പമ്പാനദി കരകവിഞ്ഞിരിക്കുകയാണ്. മൂഴിയാര്‍ ജലസംഭരണി തുറന്നതും അഴുതയാറ്റിലൂടെ ഒഴുകിയെത്തിയ വെള്ളവും ജലനിരപ്പുയരുന്നതിന് കാരണമായി. പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, കല്ലട നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്നത് വെള്ളപ്പൊക്കം /ഉരുള്‍പൊട്ടല്‍ /മണ്ണിടിച്ചില്‍ തുടങ്ങിയ അപകട സാധ്യത വര്‍ധിപ്പിക്കും. മുന്‍കരുതലിന്റെ ഭാഗമായി പ്രളയ ഭീഷണി /ഉരുള്‍പൊട്ടല്‍ /മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഉടനെ തന്നെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നതിന് അതത് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.

ദുരന്തസാധ്യതാ മേഖലകളിലുള്ളവര്‍ കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാംപുകളിലേക്ക് അടിയന്തിരമായി മാറണം. ജനങ്ങള്‍ ജാഗ്രതപുലര്‍ത്തുകയും, കാറ്റ്, മഴ, ഇടിമിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി മുന്‍കരുതലുകളും സ്വീകരിക്കണം. ഒരുകാരണവശാലും ജനങ്ങള്‍ നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാന്‍ പാടുള്ളതല്ല. മലയോരമേഖലകളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലാ തല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍: ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112. ജില്ലാ കലക്ടറേറ്റ് -0468-2222515. താലൂക്ക് ഓഫിസ് അടൂര്‍ -04734-224826. താലൂക്ക് ഓഫിസ് കോഴഞ്ചേരി -0468-2222221. താലൂക്ക് ഓഫിസ് കോന്നി -0468-2240087. താലൂക്ക് ഓഫിസ് റാന്നി -04735-227442. താലൂക്ക് ഓഫിസ് മല്ലപ്പള്ളി -0469-2682293. താലൂക്ക് ഓഫിസ് തിരുവല്ല -0469-2601303.

Next Story

RELATED STORIES

Share it