Kerala

ഹജൂര്‍ കച്ചേരി ഇനി ചരിത്രമ്യൂസിയം; താലൂക്ക് ഓഫിസ് ഉദ്ഘാടനം നവംബര്‍ രണ്ടിന്

ഹജൂര്‍ കച്ചേരി ഇനി ചരിത്രമ്യൂസിയം; താലൂക്ക് ഓഫിസ് ഉദ്ഘാടനം നവംബര്‍ രണ്ടിന്
X

തിരൂരങ്ങാടി: സ്വാതന്ത്ര്യസമര പോരാട്ടചരിത്രത്തിലെ മലബാറിലെ മുന്നേറ്റങ്ങള്‍ക്ക് പുതിയസ്മാരകം യാഥാര്‍ത്ഥ്യമാവുന്നു. 1921ല്‍ തിരൂരങ്ങാടി കേന്ദ്രീകരിച്ച് നടന്ന മലബാര്‍ കലാപത്തിന്റെ ചരിത്രവും പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന ചരിത്രമ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങളാണ് വേഗത്തിലായിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിന്റെ ആസ്ഥാനമായിരുന്ന തിരൂരങ്ങാടിയിലെ ഹജൂര്‍ കച്ചേരി പൈതൃകസ്മാരകമായി പുരാവസ്തുവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഹജൂര്‍ കച്ചേരിയില്‍ പൈതൃകമ്യൂസിയം സ്ഥാപിക്കുന്നതിനായി നാല് കോടി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുവദിക്കുകയും ചെയ്തിരുന്നു.

കച്ചേരിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫിസ് 45ലക്ഷം ചെലവില്‍ സിവില്‍ സ്‌റ്റേഷനില്‍ സജ്ജീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തി. സിവില്‍സ്‌റ്റേഷനിലെ രണ്ട് നിലകളിലായാണ് താലൂക്ക് ഓഫിസ് സജ്ജീകരിക്കുന്നത്. പുതിയ താലൂക്ക് ഓഫീസിന്റെ ഉദ്ഘാടനം നവംബര്‍ രണ്ടിന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കുമെന്ന് പികെ അബ്ദുറബ്ബ് എംഎല്‍എ അറിയിച്ചു. സിവില്‍ സ്‌റ്റേഷനില്‍ നടക്കുന്ന താലൂക്ക് ഓഫിസ് സജ്ജീകരണം എംഎല്‍എയും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി വിലയിരുത്തി. സിവില്‍സ്‌റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതും ഉടന്‍ പൂര്‍ത്തിയാക്കും. താലൂക്ക് ഓഫിസ് മാറുന്നതോടെ ഹജൂര്‍ കച്ചേരി സംരക്ഷണം വേഗത്തിലാക്കാനും തീരുമാനിച്ചു. തഹസില്‍ദാര്‍ എഎസ് ഷാജു, തിരൂരങ്ങാടി നഗരസഭാധ്യക്ഷ കെടി റഹീദ, ഉപാധ്യക്ഷന്‍ എം അബ്ദുറഹ്മാന്‍കുട്ടി, പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എന്‍ജിനീയര്‍ സാന്റോ സെബാസ്റ്റിയന്‍, ഇലക്ട്രിക് വിഭാഗം അസി. എന്‍ജിനീയര്‍ ബഷീര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it