Kerala

ബിഡിജെഎസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത്

ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. എട്ട് ജില്ലകളില്‍ നിന്നുള്ള നിലവിലെ ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തുമെന്ന് സംഘാടകര്‍ പറയുന്നു.

ബിഡിജെഎസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത്
X

തിരുവനന്തപുരം: എന്‍ഡിഎ കേരളഘടകത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് പിളര്‍പ്പിലേക്ക്. സംസ്ഥാനതലത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ വൈകീട്ട് മൂന്നിന് തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂനിയന്‍ ഹാളില്‍ നടക്കും. ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. എട്ട് ജില്ലകളില്‍ നിന്നുള്ള നിലവിലെ ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തുമെന്ന് സംഘാടകര്‍ പറയുന്നു. തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ കഴിഞ്ഞ കുറച്ചുനാളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് പിളര്‍പ്പിലേക്ക് നീങ്ങിയത്.

പാര്‍ട്ടിക്കുള്ളിലെ ചിലരുടെ ഏകാധിപത്യപരമായ നടപടികളും ഭിന്നതയുടെ ആഴംകൂട്ടി. തിരുവനന്തപുരം ജില്ലാപ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മ്മലനെ ഏകപക്ഷീയമായി സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടര്‍ന്ന് ജില്ലാകമ്മിറ്റിയില്‍ ഭിന്നത രൂക്ഷമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരം ജില്ലയില്‍ ബിഡിജെഎസിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

പുതിയ പാര്‍ട്ടി രൂപീകരണ സമ്മേളനം ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രന്‍ ഉദഘാടനം ചെയ്യും. ചൂഴാല്‍ നിര്‍മ്മലന്‍ അധ്യക്ഷത വഹിക്കും. ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഒമ്പതംഗ ഭരണസമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്‍ഡിഎയില്‍ തുടരണമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഈ സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും.

Next Story

RELATED STORIES

Share it