Kerala

റബ്ബര്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍

കോട്ടയം കേന്ദ്രീകരിച്ച് റബ്ബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങാന്‍ മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായും കമ്മിറ്റി രൂപീകരിച്ച് നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ തുടര്‍ച്ചയായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റബ്ബര്‍ കര്‍ഷകര്‍ക്കായി മലപ്പട്ടം ആസ്ഥാനമാക്കി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നത്.

റബ്ബര്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍
X

തിരുവനന്തപുരം: വലിയ വിലത്തകര്‍ച്ചയാണ് റബ്ബര്‍ കര്‍ഷകര്‍ ഇന്നനുഭവിക്കുന്നത്. രാജ്യത്ത് റബ്ബര്‍ ഉല്‍പാദനത്തില്‍ 78 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്. കൃഷിഭൂമിയുടെ 21 ശതമാനവും സംസ്ഥാനത്ത് റബ്ബര്‍ കൃഷിക്കാണ് ഉപയോഗിക്കുന്നത്.

റബ്ബര്‍ ഇറക്കുമതി നയമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നാണ് അവര്‍ക്കുവേണ്ട റബ്ബര്‍ ഇറക്കുമതി ചെയ്യുന്നത്. 2016 മുതല്‍ റബ്ബര്‍ വിലയില്‍ വലിയതോതില്‍ ഇടിവുണ്ടായി. ഇത് ഈ മേഖലയില്‍ നിന്ന് കര്‍ഷകരെ പിന്നോട്ട് വലിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാനാവശ്യമായ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിനായി കോട്ടയം കേന്ദ്രീകരിച്ച് റബ്ബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങാന്‍ മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായും കമ്മിറ്റി രൂപീകരിച്ച് നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ തുടര്‍ച്ചയായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റബ്ബര്‍ കര്‍ഷകര്‍ക്കായി മലപ്പട്ടം ആസ്ഥാനമാക്കി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നത്.

ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മ്മിക്കാനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിനായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് മുഴുവന്‍ റബ്ബറും ശേഖരിക്കും. വിപണി സാധ്യത പരിശോധിച്ച് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും വിപണനം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും. നവംബര്‍ ആദ്യവാരത്തോടെ ഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിച്ച് ആറ് മാസത്തിനകം ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഈ ജില്ലകളിലെ കര്‍ഷകരുടെ യോഗം വിളിച്ച് ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

വിലത്തകര്‍ച്ച മൂലം റബ്ബര്‍ കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും വ്യാവസായിക വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്ന മലബാര്‍ സിമന്റ്‌സ് പോലുള്ള സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. തൊഴിലാളികളെ സംരക്ഷിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തകര്‍ന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം പുതിയ വ്യവസായങ്ങള്‍ ആരംഭിക്കും. ഒരു വ്യവസായ സ്ഥാപനത്തെയും ദുരുപയോഗപ്പെടുത്താനോ അഴിമതി നടത്താനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it